റസ്റ്ററന്റ് ജോലിക്കാരന് ശമ്പളമായി ലഭിച്ചത് ഒരു ബക്കറ്റ് നിറയെ 5 സെന്റിന്റെ 7,100 കോയിനുകൾ! സംഭവം ഡബ്ലിനിൽ

ഡബ്ലിനിലെ റസ്റ്ററന്റ് ജീവനക്കാരന് മാസശമ്പളമായി നല്‍കിയത് ഒരു ബക്കറ്റ് നിറയെ 5 സെന്റിന്‌റെ കോയിനുകള്‍. ഡബ്ലിന്‍ സിറ്റി സെന്ററിലെ Alfie’s Restaurant ആണ് യൂണിവേഴ്‌സിറ്റി കോളജ് ഡബ്ലിനിലെ വിദ്യാര്‍ത്ഥിയും, റസ്റ്ററന്റിലെ താല്‍ക്കാലിക ജോലിക്കാരനുമായ Rian Keogh-ന് ജോലി നിര്‍ത്തുമ്പോഴുള്ള ശമ്പളമായി 355 യൂറോ, 5 സെന്റിന്റെ കോയിനുകള്‍ മാത്രമായി ഒരു വലിയ ബക്കറ്റിലിട്ട് നല്‍കിയത്. 30 കിലോ ഗ്രാമോളം തൂക്കം വരുന്ന ബക്കറ്റുമായി നടക്കാന്‍ പോലും ഇദ്ദേഹം ബുദ്ധിമുട്ടിയ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 5 സെന്റിന്റെ 7,100 കോയിനുകളാണ് ബക്കറ്റില്‍ ഉണ്ടായിരുന്നത്.

ബക്കറ്റില്‍ ‘ശമ്പളം’ ലഭിച്ചതിന്റെ വീഡിയോ Keogh സുഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കിയിരുന്നു. ബക്കറ്റുമായി സമീപത്തെ ബാറില്‍ കയറിയ തന്നോട് പലരും അത്ഭുതപ്പെട്ട് ഇതിനെപറ്റി ചോദിച്ചുവെന്നും ഇദ്ദേഹം പറയുന്നു. താമസസ്ഥലത്തേയ്ക്ക് 15 മിനിറ്റ് നടക്കാവുന്ന ദൂരം മാത്രമായിരുന്നിട്ടും, ബക്കറ്റിന്റെ ഭാരം കാരണം ഇദ്ദേഹത്തിന് ലുവാസിനെ ആശ്രയിക്കേണ്ടിവന്നു.

Rian's bucket of 5c coins

ഓരോ കോയിനായി എണ്ണുക ബുദ്ധിമുട്ടായതിനാല്‍ ബക്കറ്റ് തൂക്കി നോക്കിയാണ് ശമ്പളം കൃത്യമാണെന്ന് Keogh മനസിലാക്കിയത്. ഓരോ 5 സെന്റ് കോയിന്റെയും തൂക്കം 3.92 ഗ്രാം ആണ്. അങ്ങനെയെങ്കില്‍ 7,100 കോയിനുകളാണ് ശമ്പളമായി ലഭിക്കേണ്ടത്. അപ്പോള്‍ ആകെ ഭാരം 27.8 കിലോ ഗ്രാം ആയിരിക്കും.

അതേസമയം ഇത്തരത്തില്‍ ശമ്പളം നല്‍കുന്നത് നിയമവിരുദ്ധമാണെന്നാണ് തൊഴില്‍നിയമ വിദഗ്ദ്ധനായ Richard Grogan പറയുന്നത്. അയര്‍ലന്‍ഡിലെ നിയമമനുസരിച്ച് ഒരു തവണത്തെ ഇടപാടില്‍, 50 കോയിനുകളില്‍ അധികം സ്വീകരിക്കാന്‍ ഇടപാടുകാരന് ബാധ്യതയില്ല. Economic and Monetary Union Act, 1998-ന്റെ സെക്ഷന്‍ 10-ല്‍ ഇക്കാര്യം വ്യക്തമായി സൂചിപ്പിക്കുണ്ടെന്നും അദ്ദേഹം പറയുന്നു. ഇത്തരത്തിലാണ് പണം ലഭിക്കുന്നതെങ്കില്‍ മാറ്റി നല്‍കാന്‍ പറയാനും സ്വീകരിക്കുന്നയാള്‍ക്ക് അവകാശമുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നും, ഇത് വ്യക്തിപരമായ വിഷയമാണെന്നുമാണ് റസ്റ്ററന്റ് ഉടമ Niall McMahon, The Journal-നോട് പറഞ്ഞത്.

ഇതിനിടെ മറ്റൊരു സ്‌റ്റോറില്‍ പാര്‍ട്ട് ടൈം ജോലിക്ക് കയറിയ Rian Keogh, തനിക്ക് ലഭിച്ച കോയിനുകള്‍ ബാങ്കില്‍ നിക്ഷേപിച്ചിരിക്കുകയാണ്. ഇവ കറന്‍സിയായി ലഭിക്കുന്നതും കാത്തിരിക്കുകയാണ് ഇദ്ദേഹം.

Share this news

Leave a Reply

%d bloggers like this: