അയർലൻഡിൽ അടുത്ത മൂന്ന് വർഷത്തേയ്ക്ക് വാടകനിരക്ക് വർദ്ധിപ്പിക്കുന്നത് നിരോധിക്കണമെന്ന ആവശ്യം തള്ളി വരദ്കർ

അയര്‍ലന്‍ഡില്‍ മൂന്ന് വര്‍ഷത്തേയ്ക്ക് വാടക വര്‍ദ്ധിപ്പിക്കുന്നത് തടയണമെന്ന ആവശ്യം നിരാകരിച്ച് ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍. ഇത്തരമൊരു നടപടി വീട്ടുടനസ്ഥരുടെ വരുമാനത്തെ ബാധിക്കുമെന്നും, വിപണിയിലെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ രാജ്യത്ത് ജീവിതച്ചെലവ് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് അടുത്ത മൂന്ന് വര്‍ഷത്തേയ്ക്ക് വാടകവര്‍ദ്ധന നിരോധിക്കണമെന്ന് Sinn Fein, Labour Party, Social Democrats എന്നിവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് നടപ്പിലാക്കിയാല്‍ ചില വീട്ടുടമസ്ഥരുടെ വരുമാനത്തില്‍ കുറവ് സംഭവിക്കുമെന്നും, അവരുടെ മോര്‍ട്ട്‌ഗേജ് തിരിച്ചടവ് മുടങ്ങുമെന്നും വരദ്കര്‍ Dail-ല്‍ പറഞ്ഞു.

രാജ്യത്ത് ലഭ്യമായ വാടകവീടുകളുടെ എണ്ണം കുറഞ്ഞുവരിയാണെന്നും, വീട്ടുടമകള്‍ വാടകയ്ക്ക് വീടുകള്‍ നല്‍കാതിരിക്കുന്ന സാഹചര്യം സംജാതമാകുകയാണെന്നും ഇതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയില്‍ വരദ്കര്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് വീട് വാടകയ്ക്ക് നല്‍കുന്ന 86% വീട്ടുടമസ്ഥരും ഒന്നോ, രണ്ടോ വീടുകള്‍ മാത്രം കൈവശമുള്ളവരാണെന്നും, അതിനാല്‍ത്തന്നെ വാടകവിപണിയിലെ സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരാള്‍ നല്‍കുന്ന വാടക മറ്റൊരാളുടെ വരുമാനമാര്‍ഗ്ഗമാണെന്നും, മോര്‍ട്ട്‌ഗേജ് തിരിച്ചടവ് പോലുള്ള കാര്യങ്ങള്‍ നടത്തുന്നത് ആ തുക കൊണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ തിരിച്ചടവ് തുക മറ്റൊരാളുടെ പെന്‍ഷനുമായേക്കാം.

വാടകനിരക്ക് കുറയ്ക്കാനായി വീടുകളുടെ ലഭ്യത കൂട്ടുകയാണ് വേണ്ടതെന്നും, അല്ലാതെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് നിരോധിക്കുകയല്ലെന്നും വരദ്കര്‍ വ്യക്തമാക്കി. രാജ്യത്തെ വാടകവിപണിയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന Sinn Fein-ന്റെ വിമര്‍ശനത്തിന് മറുപടി പറയവേയായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. രാജ്യത്തെ വാടക ഓരോ വര്‍ഷവും വര്‍ദ്ധിച്ചുവരികയാണെന്ന കാര്യമാണ് Sinn Fein-ന്റെ Eoin O’Broin ചൂണ്ടിക്കാട്ടിയത്. ശരാശരി വാടകക്കാര്‍ 4000 യൂറോയാണ് ഓരോ വര്‍ഷവും നല്‍കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: