ജയസൂര്യ നായകനാകുന്ന ‘ഓപ്പറേഷൻ ത്രാൾ’; സൈന്യത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

By Rose Malayalam Desk

ജയസൂര്യ നായകനായി എത്തുന്ന ‘ഓപ്പറേഷന്‍ ത്രാള്‍’ എന്ന ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലറിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്ത്. പ്രശസ്ത സംഗീത സംവിധായകന്‍ രതീഷ് വേഗ ആദ്യമായി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രം ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളില്‍ ഒന്നായിരിക്കുമെന്നാണ് പ്രതീക്ഷ. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് തടത്തില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയുടെ പശ്ചാത്തലം ജമ്മു കശ്മീരിലെ ത്രാളില്‍ ഇന്ത്യന്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ നടന്ന നിര്‍ണ്ണായകമായ ഒരു ഏറ്റുമുട്ടലാണ്. രാജ്യത്തെ സുരക്ഷാ ഏജന്‍സികളുടെ അതീവ രഹസ്യ സ്വഭാവമുള്ള പ്രവര്‍ത്തനങ്ങളും അവര്‍ നേരിടുന്ന കടുത്ത വെല്ലുവിളികളും സിനിമയുടെ പ്രമേയമാകുന്നു. അതിര്‍ത്തിയില്‍ ഒരു ബസ് ആക്രമിക്കപ്പെടുന്നതും സഹായത്തിനായി മിലിറ്ററി ക്യാമ്പില്‍ നിന്ന് ബാക്ക് അപ്പ് ടീമിനെ ആവശ്യപ്പെടുന്നതുമായ വയര്‍ലെസ് സന്ദേശമുള്‍ക്കൊള്ളുന്ന ടൈറ്റില്‍ ടീസര്‍ ഇതിനോടകം തന്നെ പ്രേക്ഷകരില്‍ വലിയ ഉദ്വേഗം നിറച്ചിട്ടുണ്ട്.

ഒരു പാന്‍-ഇന്ത്യന്‍ സിനിമയായി പുറത്തിറങ്ങുന്ന ഓപ്പറേഷന്‍ ത്രാള്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളില്‍ ലോകമെമ്പാടും റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ജമ്മു, പുല്‍വാമ, ലഡാക്ക്, ഉത്തരാഖണ്ഡ്, നൈനിറ്റാള്‍, ഡെറാഡൂണ്‍, കശ്മീര്‍, ഡല്‍ഹി എന്നിവയ്ക്ക് പുറമെ കേരളത്തിലെ കൊച്ചി, മലപ്പുറം, പൊന്നാനി, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളും കോയമ്പത്തൂരും ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളാണ്. ഇത് സിനിമയ്ക്ക് ദൃശ്യപരമായ വലിയൊരു വൈവിധ്യം നല്‍കുന്നു.

രതീഷ് വേഗ സംവിധാനത്തിനൊപ്പം സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുമ്പോള്‍ നജോസ് ഛായാഗ്രഹണവും ഷഫീഖ് വി.ബി എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. ഈ വര്‍ഷം ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments