ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സെപ്തംബറില്‍ പാര്‍ട്ടിയുടെ അദ്ധ്യക്ഷനായി നിയമതിനായേക്കും. എ.ഐ.സി.സിയുടെ എണ്‍പത്തിനാലാമത് സമ്മേളനത്തിലാവും അമ്മയും നിലവില്‍ കോണ്‍ഗ്രസ് പ്രസിഡന്റുമായ സോണിയാ ഗാന്ധിയില്‍ നിന്ന് രാഹുല്‍ അധികാരം ഏറ്റെടുക്കുക. കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുന്ന കര്‍ണാടകയുടെ തലസ്ഥാനമായ ബംഗളൂരുവില്‍ വച്ചായിരിക്കും രാഹുലിന്റെ സ്ഥാനാരോഹണം. 2010 ഡിസംബറില്‍ ഡല്‍ഹിയിലെ ബുരാരിയിലാണ് ഇതിനുമുന്പ് കോണ്‍ഗ്രസിന്റെ സന്പൂര്‍ണ സമ്മേളനം നടന്നത്.
പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത രാഹുല്‍ 57 ദിവസത്തെ അജ്ഞാതവാസത്തിനു ശേഷം തിരികെയെത്തി നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. പാര്‍ലമെന്റിന്റെ ബഡ്ജറ്ര് സമ്മേളനം അവസാനിച്ചപ്പോള്‍ തന്നെ രാഹുലിനെ പാര്‍ട്ടി അദ്ധ്യക്ഷനാക്കണം എന്ന നിലപാടിലായിരുന്നു പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും.
എന്നാല്‍, മോദി സര്‍ക്കാരിനെതിരെ രാഷ്ട്രീയ വികാരം ഉണ്ടാക്കിയെടുക്കുന്നതിനുള്ള കഠിന പരിശ്രമത്തിലാണ് രാഹുല്‍ ഗാന്ധിയെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഭൂമിയേറ്റെടുക്കല്‍ ബില്‍ അടക്കമുള്ള കാര്യങ്ങളില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധ പരിപാടികളാണ് രാഹുല്‍ ആസൂത്രണം ചെയ്യുന്നതെന്നും വൃത്തങ്ങള്‍ സൂചിപ്പിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി തന്റെ നേതൃത്വത്തില്‍ പദയാത്ര സംഘടിപ്പിച്ചു. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തെലുങ്കാന, കേരളം, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലും യാത്ര ചെയ്തു. നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസി, പശ്ചിമ ബംഗാള്‍, ഒഡിഷ എന്നിവിടങ്ങളിലും ജൂണ്‍ അവസാനത്തോടെ രാഹുല്‍ സന്ദര്‍ശനം നടത്തും.
സംഘടനാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടം എന്ന നിലയിലാണ് എ.ഐ.സി.സി സമ്മേളനം നടക്കുക. രണ്ടു മാസം നീളുന്ന സംഘടനാ തിരഞ്ഞെടുപ്പാണ് നടക്കുക. ഇപ്പോള്‍ അംഗത്വ വിതരണവും മറ്റുമാണ് നടന്നുവരുന്നത്.