ധാക്ക: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ബംഗ്ലാദേശിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ധാക്ക വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന മോഡിയെ വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് സ്വീകരിച്ചത്.
വിമാനത്താവളത്തില്‍ നിന്നും സവറിലെ യുദ്ധ സ്മാരകത്തിലേക്കാണ് പ്രധാനമന്ത്രിയും സംഘവും സന്ദര്‍ശനം നടത്തിയത്. സ്മാരകത്തിലെത്തിയ മോഡി വിമോചന പോരാട്ടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ജവാന്മാര്‍ക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നിന് ഈ സന്ദര്‍ശനം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധാക്കയില്‍ തനിക്ക് ലഭിച്ച സ്വീകരണത്തിനും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയ്ക്ക് നന്ദി രേഖപ്പെടുത്തുന്നതായും മോഡി ട്വിറ്ററില്‍ കുറിച്ചു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും സാമ്പത്തിക വ്യാപാര-സഹകരണ മേഖലകളില്‍ നിര്‍ണ്ണായകമായ കരാറുകള്‍ ഓപ്പു വയ്ക്കാനും സന്ദര്‍ശനം വഴിയൊരുക്കും. ഏറെ നാളുകളിലായി ചര്‍ച്ചയിലുള്ള ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി കരാര്‍ ( ലാന്‍ഡ് ബോര്‍ഡര്‍ എഗ്രിമെന്റ് , എല്‍ബിഎ) ഒപ്പിടുന്നത് സുപ്രധാന നേട്ടമായാണ് കരുതുന്നത്.
കൊല്‍ക്കത്ത- ധാക്ക- അഗര്‍ത്തല ബസ് സര്‍വ്വീസിന്റെ ഫ്‌ലാഗ് ഓഫിലും അതിര്‍ത്തി കരാര്‍ ഒപ്പിടുന്ന ചടങ്ങിലും പശ്ചിമബംഗാള്‍ പ്രധാനമന്ത്രി മമതാ ബാനര്‍ജിയും പങ്കെടുക്കും. മമത വെള്ളിയാഴ്ച്ച രാത്രി തന്നെ ബംഗ്ലാദേശിലെത്തിയിരുന്നു. മോഡി,മമത, ഷെയ്ക്ക് ഹസീന എന്നീ പ്രധാനമന്ത്രിമാരുടെ കട്ടൗട്ടുകളും ബാനറുകളും ബംഗ്ലാദേശ് വീഥികളില്‍ നേരത്തെതന്നെ സ്ഥാനം പിടിച്ചിരുന്നു.