തിരുവന്തപുരം: അരുവിക്കരയിലെ ജനങ്ങള്‍ വിധിയെഴുതും മുമ്പേ കേരള സര്‍ക്കാരിന് എ പ്ലസ് നല്‍കിയും സിപിഎമ്മിനെ കടന്നാക്രമിച്ചും കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. അരുവിക്കരയിലെ യുഡിഎഫ് തിരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസന കാര്യങ്ങളില്‍ എ പ്ലസ് ലഭിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്നും മനുഷ്യമുഖമുള്ള വികസനമാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അമ്പതു വര്‍ഷം മുമ്പ് ഉറങ്ങിപ്പോയ പാര്‍ട്ടിയാണ് സപിഎം എന്നും കേരളം മാറുന്നത് അവര്‍ അറിയുന്നില്ലയെന്നും വികസനവിരുദ്ധ സമീപനമാണ് പാര്‍ട്ടി തുടരുന്നതെന്നുമുള്ള ഒട്ടേറെ വിമര്‍ശനങ്ങളാണ് ആന്റണി ഉന്നയിച്ചത്.
മോഡിയുടെ ഭരണകാലത്ത് കോര്‍പ്പറേറ്റുകള്‍ക്കു മാത്രമേ സഹായം ലഭിക്കൂവെന്നും, രാജ്യാന്തര വിപണിയില്‍ ഇന്ധനവില കുറഞ്ഞപ്പോഴും പ്രെട്രോളിനും ഡീസലിനും വില കുറയ്ക്കാതെ കോര്‍പ്പറേറ്റുകളെ സഹായിക്കുകയാണ് മോഡി സര്‍ക്കാര്‍ ചെയ്തതെന്നും ആന്റണി ആരോപിച്ചു.
വികസനങ്ങളുടെ കാര്യത്തില്‍ ഒന്നാം സ്ഥാനം നല്‍കാവുന്ന പ്രവര്‍ത്തനമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തുന്നതെന്നും, മറ്റു സംസ്ഥാനങ്ങള്‍ കേരളത്തിനൊപ്പമെത്താനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ജി കാര്‍ത്തികേയന്‍ തുടങ്ങി വച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കുവാന്‍ അരുവിക്കരയില്‍ ഏറ്റവും യോഗ്യന്‍ ശബരീനാഥനാണെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെഎം മാണി, എംപി വീരേന്ദ്രകുമാര്‍ തുടങ്ങി വിവിധ കക്ഷി നേതാക്കളും പങ്കെടുത്തു.