ന്യൂഡില്‍സ് പരിശോധന തുടരുന്നു;പച്ചക്കറികളില്‍ മായം കണ്ടെത്തിയാല്‍ നടപടി

 
തിരുവനന്തപുരം: സംസ്ഥാനത്തെത്തുന്ന വിവിധതരം നൂഡില്‍സുകളുടെ പരിശോധന ഒരാഴ്ച കൂടി തുടരും . അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറികളില്‍ മായം കണ്ടെത്തിയാല്‍ അത്തരം ഉല്‍പന്നങ്ങള്‍ നിരോധിക്കാനും തോട്ടം ഉടമകള്‍ക്കും വില്‍പ്പനക്കാര്‍ക്കുമെതിരെ നടപടിയെടുക്കാനും ഉന്നതതല യോഗത്തില്‍ തീരുമാനമായി . അതേസമയം രാജ്യത്തെത്തുന്ന വിവിവിധതരം നൂഡില്‍സ് , പാസ്ത എന്നിവയടക്കമുള്ളവയുടെ ഗുണനിലവാരം പരിശോധിക്കാന്‍ കേന്ദ്ര ഭക്ഷ്യസുരക്ഷ വിഭാഗവും നിര്‍ദേശം നല്‍കി .

മാഗി നിരോധനം നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ വിപണി പരിശോധന കര്‍ശനമാക്കും , ഇതിനായി ജില്ലാ തല ഭക്ഷ്യ സുരക്ഷ സ്‌ക്വാഡുകള്‍ ഒരാഴ്ചക്കാലം വിപണിയില്‍ ഇടപെടും . മോണോ സോഡിയം ഗ്ലൂട്ടോമേറ്റ് ഉള്‍പ്പെടെ രുചി വര്‍ധക വസ്തുക്കള്‍ അമിതമായി ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ ഹോട്ടലുകളും റസ്‌റ്റോറന്റുകളും കേന്ദ്രീകരിച്ച് പരിശോധന നടത്താനും ഉന്നതതലയോഗം തീരുമാനിച്ചു . മായം ചേര്‍ക്കല്‍ കേസുകളിലെ നടപടി വേഗത്തിലാക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലുമായി ആലോചിച്ച് നടപടി സ്വീകരിക്കും .
അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറികളില്‍ വിഷാംശമോ മാരകമായ രാസവസ്തുക്കളുടെ സാന്നിധ്യമോ കണ്ടെത്തിയാല്‍ അവയുടെ തോട്ടം ഉടമകള്‍ക്കെതിരെ വിലക്ക് ഉള്‍പ്പെടെ നടപടി ഉണ്ടാകും . വില്‍പനക്കാര്‍ക്കെതിരേയും നടപടിയെടുക്കും. ഏത് തോട്ടത്തില്‍ നിന്നാണ് പച്ചക്കറി വരുന്നത്, ഏത് വിപണിയിലേക്കാണ് പോകുന്നത് എന്നിവ ഉള്‍പ്പെടെ വിശദാംശങ്ങള്‍ ചെക്ക് പോസ്റ്റുകളില്‍ നല്‍കണം .

അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിഷാംശമുള്ള പഴം പച്ചക്കറി എന്നിവ നിയന്ത്രിക്കുന്നതിന് സംസ്ഥാനത്തെ വ്യാപാരികള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തും . അന്യ സംസ്ഥാന ഉല്‍പന്നങ്ങള്‍ക്ക് നിയമപ്രകാരമുള്ള ഭക്ഷ്യസുരക്ഷ ലൈസന്‍സും ഏര്‍പ്പെടുത്തും. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ ഭക്ഷ്യമന്ത്രി , ആരോഗ്യ ഭക്ഷ്യ വകുപ്പ് സെക്രട്ടറിമാര്‍ , ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു . ഇതിനിടെ ഐടിസി , ജി എസ് കെ കണ്‍സ്യൂമര്‍, രുചി , ഇന്‍ഡോ നിസിന്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ നൂഡില്‍സ് ഉള്‍പ്പെടെ വിവിധതരം ഉല്‍പന്നങ്ങളും പരിശോധിക്കാന്‍ കേന്ദ്ര ഭക്ഷ്യസുരക്ഷ വിഭാഗം നിര്‍ദേശം നല്‍കി.

Share this news

Leave a Reply

%d bloggers like this: