മലപ്പുറം : യുഡിഎഫ് നേതൃത്വത്തിലേക്ക് എല്‍ഡിഎഫില്‍ നിന്നും പ്രമുഖ കക്ഷി എത്തുമെന്നു മുസ്ലീം ലീഗ് നടത്തിയ പ്രസ്ഥാനവകള്‍ ആറിത്തണുക്കുമ്പോള്‍ വീണ്ടും യുഡിഎഫിലേക്കുള്ള ക്ഷണക്കത്തുമായി വീണ്ടും മുസ്ലീം ലീഗ് രംഗത്തെത്തി. എല്‍ഡിഎഫിലെ പ്രമുഖ കക്ഷി യുഡിഎഫില്‍ ചേരാന്‍ താല്‍പര്യമറിയിച്ചെന്നു നേരത്തേ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെ സിപിഐ രംഗത്തെത്തിയിരുന്നു. അതേ സിപിഐയിനെ തന്നെയാണ് വീണ്ടും മുസ്ലീം ലീഗ് യുഡിഎഫിലേക്ക് ക്ഷണിക്കുന്നത്.
യുഡിഎഫിലേക്ക് വാതില്‍ തുറന്നു കിടക്കുകയാണെന്നും യുഡിഎഫില്‍ മാന്യമായ സ്ഥാനം സിപിഐയ്ക്ക് നല്‍കുമെന്നും പറഞ്ഞ് ഇത്തവണ രംഗത്തെത്തിയിരിക്കുന്നത് മുസ്ലീം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീറാണ്. ദേശീയ രാഷ്ട്രീയത്തില്‍ സിപിഎമ്മിന്റെ സാധ്യതകള്‍ നഷ്ടമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതേ സംബന്ധിച്ചു വരും ദിവസങ്ങളില്‍ വന്‍ വാഗ്വാദങ്ങളുടെ മാലപ്പടക്കം പൊട്ടുമെന്നാണ് കണക്കാക്കപ്പെടുന്നത്.