ഡബ്ലിന്‍: ജൂണ്‍ ഒന്ന് മുതല്‍ അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ക്കുള്ള നയത്തില്‍ മാറ്റം വരുത്തി വിദ്യാഭ്യാസ മന്ത്രി ജാന്‍ ഒ സള്ളിവനും നീതിന്യായ വകുപ്പ് മന്ത്രി ഫ്രാന്‍സിസ്സ് ഫിറ്റ്സ്ജെറാള്‍ഡും. വിദേശ വിദ്യാര്‍ത്ഥികളെ വെട്ടിലാക്കി കേളേജുകള്‍ അടച്ച് പൂട്ടുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങള്‍ക്ക് നിര്‍ദേശം വന്നത്. കോളേജ് അടച്ച് പൂട്ടല്‍ അന്തര്‍ദേശീയ വിദ്യാഭ്യാസ വിപണിയില്‍ രാജ്യത്തിന്‍റെ പേരിനെ കളങ്കപ്പെടുത്തുകയും ചെയ്യുന്നതായാണ് വിലയിരുത്തുന്നത്. കുടിയേറ്റ മേഖലയില്‍ ഗുണപരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ടാണ് നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കിയിട്ടുള്ളത്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസ നിലവാരവും അവരുടെ സുരക്ഷിതത്വവും ഉറപ്പ് വരുത്തുക എന്നതും ലക്ഷ്യം വെയ്ക്കുന്നുണ്ട്.
Reform of the International Education Sector and Student Immigration System എന്ന പേരില്‍ പുറത്ത് വിട്ട നയപരമായ പ്രസ്താവനയില്‍ പ്രധാന നിര്‍ദേശങ്ങളിലൊന്ന് കോളേജുകള്‍ക്ക് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാവുന്ന കോഴുസകള്‍ പരിമിതപ്പെടുത്തിയതാണ്. തുടര്‍ പഠനവും, വോക്കേഷണല്‍ വിദ്യാഭ്യാസവും, ട്രെയ്നിങ് പ്രോഗ്രാമുകളും ജൂണ്‍ ഒന്ന് മുതലുള്ള പട്ടികയില്‍ ഉണ്ടാകില്ല. ഈ മാറ്റത്തിന് 2014 സെപ്തംബറില്‍ പച്ചകൊടി കാണിച്ചിരുന്നു. ഹൈയര്‍ എഡുക്കേഷന്‍ പ്രോഗ്രാമുകളിലാണെങ്കില്‍ ഐറിഷ് അധികൃതരുടെ അംഗീകാരമുള്ള കോഴ്സുകള്‍ക്കോ, യൂറോപ്യന്‍ യൂണിയന്‍ അക്രഡിറ്റേഷന്‍ ഉള്ള യൂണിവേഴ്സിറ്റി അംഗീകൃത കോഴ്സിനോ മാത്രമേ വിദേശ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനാകൂ. ഇക്കാര്യത്തില്‍ ചില ഒഴിവ് കിഴിവുകളുണ്ട്. വിദ്യാഭ്യാസ പരിപാടികള്‍ക്ക് രാജ്യം അംഗീകരിച്ച നിലവാരം ഉണ്ടായിരിക്കണം.
ഇംഗ്ലീഷ് ഭാഷാ കോഴ്സുകള്‍ക്ക് നിര്‍ദ്ദിഷ്ട നിലവാരമുണ്ടെന്ന് തെളിയിച്ച് കാണിക്കാതെ അംഗീകാരം നല്‍കില്ല. ഒക്ടോബര്‍ ഒന്ന് മുതലുള്ള അംഗീകൃതപട്ടികയ്ക്കായി നിലവാരം തെളിയിക്കേണ്ടതുണ്ട്. 25 ആഴ്ച്ചയിലെ ഇംഗ്ലീഷ് ഭാഷാ പഠനത്തിന് പന്ത്രണ്ട്മാസമായിരുന്നു വിദേശ വിദ്യാര്‍ത്ഥിക്ക് രാജ്യത്ത് തങ്ങാനുള്ള അനുമതി നല്‍കിയത്. ഇത് എട്ടമാസമായി 2015 ഒക്ടോബര്‍ ഒന്ന് മുതല്‍ കുറയും. വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തില്‍ മൂന്ന് തവണയാണ് അനുമതി ലഭിക്കുക. പുതിയ ചട്ടപ്രകാരമുള്ള എല്ലാ നടപടികളും സ്ഥാപനങ്ങള്‍ പൂര്‍ത്തിയാക്കണം. ഉടമസ്ഥത, പേര് വ്യക്തമാകാതെയുള്ള ഡയറക്ടര്‍മാര്‍, ഭൗതിക സാഹചര്യം, അദ്ധ്യാപകരുടെ ശേഷി ഇവയെല്ലാം വെളിവാക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥി സുരക്ഷയ്ക്കായി നിര്‍ബന്ധിതമായി തന്നെ നടപടികള്‍ പാലിക്കേണ്ടതുണ്ട്.
വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന തുക തിരിച്ച് ഉറപ്പാക്കുന്നതിന് നിര്‍ബന്ധമായി പ്രത്യേക അക്കൗണ്ടും സ്ഥാപനം തുറന്നിരിക്കണം. ഐറിഷ് വിദ്യാഭ്യാസത്തിനും ഇംഗ്ലീഷ് ഭാഷാ കോഴ്സുകള്‍ക്കും ഒരു ട്രാക്ക് റെക്കോര്‍ഡ് ഉണ്ടെന്നും ഇത് സൂക്ഷിക്കാന്‍ പരിഷ്കരണം ആവശ്യമാണെന്നും സര്‍ക്കാര്‍ പറയുന്നു. മതിയായ യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ വരികയും മികച്ച വിദ്യാഭ്യാസ ലഭിക്കുകയും ആണ് വേണ്ടത്. നടപടികള്‍ നടപ്പായി തുടങ്ങുന്നതോടെ ഇവ രണ്ടും ഉറപ്പ് വരുത്താനുമാകുമെന്നും വിദ്യാഭ്യാസ മന്ത്രി അവകാശപ്പെടുന്നു.
വിദ്യാഭ്യാസമേഖലയില്‍ വ്യാപാരകണ്ണോട് കൂടി മാത്രം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുണ്ടെന്നും ഗുണനിലവാരം ഇവര്‍ക്ക് പ്രശ്നമല്ലെന്നും ഫിറ്റ്സ് ജെറാള്‍ഡ് കുറ്റപ്പെടുത്തുന്നു. കോളേജുകള്‍ അടച്ച് പൂട്ടിയത് മൂലം വിദ്യാര്‍ത്ഥികള്‍ക്ക് സമയ നഷ്ടവും ധനനഷ്ടവുമാണ് ഉണ്ടായിരിക്കുന്നത്. നിരവധി പരാതികളാണ് ലഭിക്കുന്നതെന്നും ഫിറ്റ്സ് ജെറാള്‍ഡ് വ്യക്തമാക്കുന്നു. വിസ ഫാക്ടറികളായി പ്രവര്‍ത്തിക്കാനുദ്ദേശിക്കുന്നവര്‍ക്ക് അയര്‍ലണ്ടില്‍ സ്ഥാനമില്ല. വിദേശത്ത് നിന്ന് വിദ്യാര്‍ത്ഥികള്‍ കൂടുന്ന മുറയ്ക്ക് കൂടുതല്‍ പരിഷ്കരണങ്ങളും ഉണ്ടാകും. വിദ്യാഭ്യാസ മേഖലയില്‍ മികച്ച ഭാവിയാണ് രാജ്യത്തിന് ഉള്ളത്. ഉന്നത നിലവാരം തന്നെ അടിസ്ഥാന പ്രമാണമാക്കി മുന്നോട്ട് പോകുമെന്നും മന്ത്രിമാര്‍ സൂചിപ്പിക്കുന്നു.