ഡോക്ടര്‍ മരിച്ചുവെന്ന് വിധിയെഴുതിയ കുഞ്ഞിന് ഡബ്ലിന്‍ യുവതി ജന്മം നല്‍കി

 

ഡബ്ലിന്‍: ഡോക്ടര്‍ മരിച്ചുവെന്ന് വിധിയെഴുതിയ കുഞ്ഞിന് ഡബ്ലിന്‍ യുവതി ജന്മം നല്‍കി. ഓഫ്‌ലെയിലെ 26 വയസുകാരിയായ എയ്മി നോസനാണ് ഗര്‍ഭാവസ്ഥയില്‍ വെച്ച് മരിച്ചുവെന്ന് പോര്‍ട്ട്‌ലോയ്സ് മിഡ്‌ലാന്‍ഡ് ഹോസ്പിറ്റിലിലെ ഡോക്ടര്‍മാര്‍ വിധിയെഴുതിയ കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതി തന്റെ രണ്ടാമത്തെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

കഴിഞ്ഞ ഡിസംബറിലാണ് ഏറെ വിവാദമായ സംഭവം നടന്നത്. ഗര്‍ഭിണിയായിരുന്ന എയ്മി മിഡ്‌ലാന്‍ഡ് ഹോസ്പിറ്റലില്‍ പരിശോധനയ്‌ക്കെത്തി ജിപിയോട് കുഞ്ഞിന്റെ ഹൃദയമിടിപ്പ് കേള്‍ക്കാനാകുന്നില്ലെന്ന് പറയുകയും ചെയ്തു. ഹോസ്പിറ്റല്‍ സ്റ്റാഫ് നടത്തിയ പരിശോധനയ്‌ക്കൊടുവില്‍ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കേള്‍ക്കുന്നില്ലെന്നും ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് തന്നെ കുഞ്ഞ് മരിച്ചിട്ടുണ്ടാകുമെന്നും അവര്‍ യുവതിയോട് പറയുകയും ചെയ്തു. എയ്മിയെ ഹോസ്പിറ്റലില്‍ അബോര്‍ഷന്‍ നടത്തുന്നതിനായി അഡ്മിറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് നടത്തിയ സ്‌കാനിംഗില്‍ സീനിയര്‍ ഡോക്ടര്‍ കുഞ്ഞിന്റെ ഹൃദയമിടിപ്പ് തിരിച്ചറിഞ്ഞു. ആ കുരുന്നുജീവനാണ് ഇന്ന് പുറം ലോകം കാണാനായി മിഴിതുറന്നിരിക്കുന്നത്.

ഹോസ്പിറ്റലില്‍ നിന്നുണ്ടായ അനുഭവം ഗര്‍ഭാവസ്ഥയെ പ്രതികൂലമായി ബാധിച്ചുവെന്നും ആകെ നേര്‍വസായിരുന്നുവെന്നും എയ്മി ഭീതിയോടെ പറയുന്നു. തന്റെ ആദ്യത്തെ പ്രസവം വളരെ സന്തോഷകരമായ അന്തരീക്ഷത്തിലായിരുന്നുവെന്നും എന്നാല്‍ ഈ സംഭവം തന്റെ വളരെ അസ്വസ്ഥയാക്കിയെന്നും അഡ്മിറ്റാകുന്ന ദിവസങ്ങള്‍ക്കുമുമ്പ് ഉറങ്ങാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ലെന്ന് അവര്‍ പറയുന്നു. ഡിസംബറില്‍ സ്‌കാനിംഗിന് ശേഷം കുഞ്ഞിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും എയ്മി വല്ലാതെ നേര്‍വസായിരുന്നു. സംഭവത്തെ തുടര്‍ന്ന് അന്വേഷണം നടത്തുമെന്ന് എച്ച്എസ്ഇ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ക്ഷമ ചോദിക്കുക മാത്രമാണ് ചെയ്തതെന്നും എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച് യാതൊരു വിശദീകരണവും ലഭിച്ചില്ലെന്നും എയ്മി പറയുന്നു.

പോര്‍ട്ട്‌ലോയ്സ് ഹോസ്പിറ്റലില്‍ നിന്ന് തനിക്കുണ്ടായ അനുഭവം മറ്റ് സ്ത്രീകള്‍ക്കുണ്ടാകുമോ എന്ന ആശങ്കയും എയ്മിയ്ക്കുണ്ട്. തന്റെ അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുതെന്ന് അവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. മൂത്ത മകനായ ജാക്കിനൊപ്പം രണ്ടാമത്തെ മകനായ ഇവാനെ ചേര്‍ത്തുപിടിക്കുമ്പോള്‍ വാക്കുകള്‍ക്കതീതമായ ആനന്ദമാണ് അനുഭവപ്പെടുന്നതെന്നും അവര്‍ പറയുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: