ന്യൂഡല്‍ഹി: ഡല്‍ഹി നിയമമന്ത്രി ജിതേന്ദര്‍ സിംഗ് തോമര്‍ രാജിവച്ചു. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ചമച്ചെന്ന കേസില്‍ അറസ്റ്റിലായ തോമറിനെ ഡല്‍ഹി സാകേത് കോടതി നാലു ദിവസത്തേക്കു റിമാന്‍ഡ് ചെയ്തതിനു പിന്നാലെയാണ് രാജി. മന്ത്രിസഭയുടെ പ്രതിച്ഛായ മോശമാക്കാന്‍ താന്‍ തയാറല്ലെന്നു തോമര്‍ രാജിക്കത്തില്‍ പറയുന്നു. തോമറിന്റെ രാജി സ്വീകരിച്ചതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ നിര്‍ദേശത്തെത്തുടര്‍ന്നായിരുന്നു രാജി.
വ്യാജ നിയമബിരുദമാണെന്നു ചൂണ്ടിക്കാട്ടി ഡല്‍ഹി ബാര്‍ കൗണ്‍സില്‍ മേയ് 11 നു നല്‍കിയ കേസിലാണു തോമറിനെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തത്. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ആറോടെ ത്രൈനഗറിലെ വസതിയില്‍നിന്നാണ് തോമറിനെ നാല്‍പതോളം വരുന്ന പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. മണ്ഡലത്തിലെ ജനങ്ങളുടെ പരാതി കേട്ടുകൊണ്ടിരിക്കെ 40 അംഗ പോലീസ് സംഘം ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. തോമറിന്റെ ബിഎസ്‌സി, നിയമ ബിരുദങ്ങള്‍ വ്യാജമാണെന്നു കണ്ടെത്തിയെന്നാണു ഡല്‍ഹി പോലീസ് പറയുന്നത്. കഴിഞ്ഞ എട്ടാം തീയതി രജിസ്റ്റര്‍ ചെയ്ത കേസ് അനുസരിച്ചു മുന്‍കൂട്ടി നോട്ടീസ് നല്‍കിയിട്ടാണു മന്ത്രിയെ അറസ്റ്റു ചെയ്തതെന്നും ഡല്‍ഹി പോലീസ് പറയുന്നു. ബീഹാറിലെ ബദര്‍പുരില്‍നിന്നു വ്യാജ നിയമ ബിരുദ സര്‍ട്ടിഫിക്കറ്റും അയോധ്യയില്‍നിന്നു ബിരുദ സര്‍ട്ടിഫിക്കറ്റും സംഘടിപ്പിക്കുകയായിരുന്നെന്നും പോലീസ് പറയുന്നു. ബിഹാറിലെ തിലക് മഞ്ജി ഭഗല്‍പ്പുര്‍ സര്‍വകലാശാലയില്‍നിന്നു നിയമത്തില്‍ ബിരുദം നേടിയിട്ടുണ്ടെന്നായിരുന്നു തോമറിന്റെ അവകാശവാദം.
തോമറിന്റെ കൈവശമുള്ളതു വ്യാജ നിയമബിരുദമാണെന്നു ചൂണ്ടിക്കാട്ടി സന്തോഷ് കുമാര്‍ ശര്‍മ്മ എന്ന ആളാണു ഹൈക്കോടതിയില്‍ ആദ്യം ഹര്‍ജി നല്‍കിയത്. ഇതേ തുടര്‍ന്ന് ബന്ധപ്പെട്ട സര്‍വകലാശാലകള്‍ക്കു കോടതി നോട്ടീസ് അയച്ചിരുന്നു. സര്‍ട്ടിഫിക്കേറ്റുകള്‍ വ്യാജമാണെന്ന് വ്യക്തമാക്കി സര്‍വകലാശാലകള്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതോടെ ഡല്‍ഹി ബാര്‍ അസോഡിയേഷന്‍ തോമറിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഈ കേസ് ഓഗസ്റ്റ് 20നാണ് ഇനി പരിഗണിക്കുക.
മന്ത്രിയുടെ അറസ്റ്റിനു പിന്നില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ പ്രതികാര നപടിയാണെന്നു ആരോപിച്ച് ആം ആദ്മി പാര്‍ട്ടി ഒന്നടങ്കം രംഗത്തു വന്നിട്ടുണ്ട്. ഇതു രാഷ്ട്രീയ പകപോക്കലാണെന്നും ഡല്‍ഹിയില്‍ ലെഫ്. ഗവര്‍ണര്‍ നജീബ് ജംഗിന്റെ നേതൃത്വത്തില്‍ അടിയന്തരാവസ്ഥയ്ക്കു തുല്യമായ സാഹചര്യം ഉണ്ടാക്കുകയാണെന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. തൊമറിന്റെ അറസ്റ്റിനെക്കുറിച്ചു തനിക്കു വിവരമൊന്നും ലഭിച്ചിരുന്നില്ലെന്നു ഡല്‍ഹി നിയമസഭ സ്പീക്കര്‍ രാം നിവാസ് ഗോയേയും പറഞ്ഞു. തോമറിനെ അറസ്റ്റ് ചെയ്തതു മുന്‍കൂട്ടി വിവരം നല്‍കാതെയും ചട്ടങ്ങള്‍ പാലിക്കാതെയുമാണെന്നു ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദി ആരോപിച്ചു. മാഫിയ തലവനെ അറസ്റ്റ് ചെയ്യാനെത്തിയതു പോലെയാണു മന്ത്രിയെ ഡല്‍ഹി പോലീസ് പിടിച്ചു കൊണ്ടുപോയതെന്നും സിസോദിയ പറഞ്ഞു. ഹൈക്കോടതിയില്‍ ഇരിക്കുന്ന ഒരു കേസില്‍ ഇത്തരത്തില്‍ ധൃതിയില്‍ ഒരു നടപടി എന്തിനാണെന്നും തോമര്‍ ഡല്‍ഹിയില്‍ വല്ല ബോംബ് സ്‌ഫോടനവും നടത്തിയിട്ടുണ്ടോ എന്നും സിസോദിയ ചോദിച്ചു.
-എജെ-