തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ഥികളുടെ സൗജന്യ യാത്ര റദ്ദാക്കി. നാളെ മുതല്‍ വിദ്യാര്‍ഥികള്‍ക്കു കണ്‍സെഷന്‍ ടിക്കറ്റ് എടുക്കണമെന്നു കെഎസ്ആര്‍ടിസി അറിയിച്ചു. എന്നാല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കു സൗജന്യ യാത്ര റദ്ദാക്കിയിട്ടില്ലെന്നു ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
പ്ലസ്ടുവരെയുള്ള വിദ്യാര്‍ഥികള്‍ക്കാണു സൗജന്യ യാത്ര നല്‍കിവന്നിരുന്നത്. ഇതു റദ്ദാക്കിയതോടെ 2014 ജനുവരിയിലെ സ്ഥിതി പുനഃസ്ഥാപിക്കപ്പെടും.
കെഎസ്ആര്‍ടിസിയുടെ നഷ്ടം കണക്കിലെടുത്താണു തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച ഗതാഗത വകുപ്പാണു വിദ്യാര്‍ഥികളുടെ യാത്രാസൗജന്യം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. കെഎസ്ആര്‍ടിസിയില്‍ 2014 ജനുവരിയിലുള്ള സ്ഥിതി പുനഃസ്ഥാപിക്കാന്‍ മെമ്മോറാണ്ടത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സംഭവം വാര്‍ത്തയായതോടെ മന്ത്രി തിരുത്തുമായി രംഗത്തുവന്നു. മന്ത്രി അറിയാതെയാണ് ഇത്തരമൊരു തീരുമാനം ഉണ്ടായതെന്നാണു മന്ത്രിയുടെ ഓഫീസ് പറയുന്നത്. വിദ്യാര്‍ഥികളുടെ യാത്രാ സൗജന്യം റദ്ദാക്കിയിട്ടില്ലെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.
-എജെ-