ഡബ്ലിന്‍: ഡബ്ലിനിലെ ബ്യൂമണ്ട് ഹോസ്പിറ്റലില്‍ ആളുമാറി ഓപ്പറേഷന്‍ നടത്താനൊരുങ്ങിയെന്ന് വെളിപ്പെടുത്തല്‍. നട്ടെല്ലിന് ശസ്ത്രക്രിയ നടത്താനാണ് ആളുമാറി യുവതിയെ വിളിച്ചത്. സംശയം തോന്നിയ യുവതി കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചപ്പോഴാണ് ആളുമാറിപ്പോയെന്ന് ഹോസ്പിറ്റലധികൃതര്‍ക്ക് മനസിലായത്. ആളുമാറിയെന്ന് സ്ത്രീ ഹോസ്പിറ്റല്‍ അധികൃതരെ അറിയിച്ചിട്ടും അവര്‍ ഇതിനെ ഗൗരവമായെടുത്തില്ലെന്നും സ്ത്രീയ്ക്ക് വിശദീകരണം നല്‍കാന്‍ തയാറായില്ലെന്നും ഓംബുഡ്‌സ്മാന്‍ പീറ്റര്‍ ടെന്‍ഡാല്‍ പറയുന്നു. ഹോസ്പിറ്റലിന്റെ നിരുത്തരവാദിത്തപരമായ പെരുമാറ്റത്തെ തുടര്‍ന്ന് യുവതി ഓംബുഡ്‌സ്മാന് പരാതി നല്‍കുകയും ചെയ്തു.
സര്‍ക്കാര്‍ വകുപ്പുകളില്‍, ഹോസ്പിറ്റലുകളില്‍, ലോക്കല്‍ അതോറിറ്റികളില്‍ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് നേരിടേണ്ടി പ്രശ്‌നങ്ങളെ സംബന്ധിച്ച് ഓംബുഡ്‌സ്മാനു പരാതി നല്‍കാം. ഓംബുഡ്‌സ്മാന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ബ്യൂമണ്ട് ഹോസ്പിറ്റലില്‍ സ്ത്രീയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം വ്യക്തമാക്കുന്നത്. ഹോസ്പിറ്റലില്‍ നിന്ന് യുവതിയെ ഫോണില്‍ വിളിച്ച് lumbar puncture നായി ഹോസ്പിറ്റലില്‍ അഡ്മിറ്റാകാന്‍ ആവശ്യപ്പെടുകയായിരുന്നു. നട്ടെല്ലിന് താഴെ സൂചി വെച്ച് ബ്രെയിന്‍, സ്‌പൈനല്‍ കോഡ്, നോര്‍വ് സിസ്റ്റം എന്നിവയുടെ അവസ്ഥ, ലോക്കല്‍ അനസ്തറ്റിക് 45 മിനിറ്റ് നീളുന്ന പരിശോധനയിലൂടെ കണ്ടെത്തുന്ന ചികിത്സരീതിയാണിത്. ഈ യുവതി മറ്റൊരു ഹോസ്പിറ്റലില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഈ ചികിത്സയ്ക്ക് വിധേയയായിരുന്നു. ബ്യൂമണ്ട് ഹോസ്പിറ്റലില്‍ ചികിത്സയ്ക്ക് പോയിട്ടില്ലാത്ത യുവതി ചികിത്സയ്‌ക്കെത്താനുള്ള നിര്‍ദേശം കേട്ട് അമ്പരന്നുവെന്നും ഓംബുഡ്‌സ്മാനു നല്‍കിയ പരാതിയില്‍ പറയുന്നു. വീണ്ടും ഇവര്‍ അപോയ്‌മെന്റിനെ കുറിച്ച് വിശദാംശങ്ങള്‍ ചോദിച്ചപ്പോള്‍ ഹോസ്പിറ്റല്‍ അധികൃതര്‍ വ്യക്തമായ മറുപടി നല്‍കിയില്ലെന്നും ഹോസ്പിറ്റല്‍ അവരുടെ പരാതി ഗൗരവമായെടുത്തില്ലെന്നും നിരീക്ഷണസമിതി (watchdog) പറയുന്നു. പിന്നീട് യുവതി നിരന്തരമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താമെന്ന് സമ്മതിച്ചത്. നഴ്‌സ് ഫയല്‍ പരിശോധിച്ചപ്പോള്‍ ആളുമാറിയാണ് യുവതിയെ വിളിച്ചതെന്ന് വ്യക്തമായി. ഫയലിലെ രണ്ടു സ്ത്രീകള്‍ക്കും ഒരേ പേരും ജനനതീയതിയുമായിരുന്നു. തെറ്റുപറ്റിയത് മനസിലാക്കിയ ഹോസ്പിറ്റല്‍ അധികൃതര്‍ രോഗികളെ വിളിക്കുന്ന സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും ജാഗ്രത പുലര്‍ത്താമെന്നും സമ്മതിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മറ്റൊരു സംഭവത്തില്‍ അമ്മ മരിച്ചതിനെ തുടര്‍ന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സോഷ്യല്‍ പ്രോട്ടക്ഷന്‍ വകുപ്പിലെത്തിയ മകളോട് ഒരു ലക്ഷം യൂറോയിലേറേ തുക അടയ്ക്കാന്‍ വെല്‍ഫെയര്‍ ചീഫ് ആവശ്യപ്പെട്ട സംഭവമാണ് ഓംബുഡ്‌സ്മാന് ലഭിച്ചിരിക്കുന്ന മറ്റൊരു പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. മാനസിക അസ്വാസ്ഥ്യമുള്ള സ്ത്രീയ്ക്ക് പത്തുവര്‍ഷത്തിലേറെയായി തെറ്റായി ആനുകൂല്യം നല്‍കുകയായിരുന്നുവെന്നും 105,000 യൂറോ തിരിച്ചടയ്ക്കണമെന്നുമാണ് മകളായ യുവതിയോട് ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടത്. 2003 മുതല്‍ 2012 വരെ Wi-dosw Non Contributory Pension and State Pension എന്ന വിഭാഗത്തിലാണ് സ്ത്രീയ്ക്ക് ആനുകൂല്യം നല്‍കിയിരുന്നത്.
എന്നാല്‍ തുക തിരിച്ചടയ്ക്കണമെന്ന നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നും വര്‍ഷങ്ങളായി അവര്‍ സുഖമില്ലാത്ത അവസ്ഥയിലായിരുന്നുവെന്നും ആനുകൂല്യം ലഭിക്കുന്നതിലെ നടപടികള്‍ മനസിലാക്കാനുള്ള അവസ്ഥയിലായിരുന്നില്ല അവരെന്നും മെഡിക്കല്‍ റെക്കോര്‍ഡുകള്‍ വ്യക്തമാക്കുന്നുവെന്ന് ഓംബുഡ്‌സ്മാന്‍ പറഞ്ഞു. 2000 ത്തിന് ശേഷം വെല്‍ഫെയര്‍ അതോറിറ്റിയും തങ്ങള്‍ നല്‍കുന്ന ആനുകൂല്യങ്ങളില്‍ പുനപരിശോധനകള്‍ നടത്തിയിട്ടില്ലെന്നും ഇത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഓംബുഡ്‌സ്മാന് കഴിഞ്ഞ വര്‍ഷം ലഭിച്ച പരാതികളില്‍ 11 ശതമാനം അതായത് 3500 ത്തിലേറെ പരാതികളുടെ വര്‍ധനയുണ്ട്. പുതുതായി 200 പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂടി ഓംബുഡ്മാന്റ് പരിധിയില്‍ കൊണ്ടുവന്നതാണ് പരാതികളുടെ എണ്ണം കൂടുന്നതിന് കാരണമെന്ന് ടിന്‍ഡാല്‍ പറയുന്നു.
-എജെ-