അയര്‍ലന്‍ഡില്‍ ഭ്രാന്തിപശുരോഗം,മനുഷ്യര്‍ക്ക് ഭീഷണിയില്ലെന്ന് മന്ത്രി

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഭ്രാന്തിപശുരോഗം റിപ്പോര്‍ട്ട് ചെയ്തു. mad cow disease എന്നറിയപ്പെടുന്ന Bovine spongiform encephalopathy (BSE) 2013 ന് ശേഷം ആദ്യമായാണ് അയര്‍ലന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗം മനുഷ്യന് ഭീഷണിയുണ്ടാക്കുന്നില്ലെന്നും അഗ്രികള്‍ച്ചര്‍ മിനിസ്റ്റര്‍ സൈമണ്‍ കവനെയ് അറിയിച്ചു. ലൂത്തിലെ ഡയറിഫാമിലാണ് BSE ബാധിച്ച് മരിച്ചുവെന്ന് സംശയിക്കുന്ന പശുവിന്റെ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുതെന്ന് മൃഗസംരക്ഷണവകുപ്പ് അറിയിച്ചു. ഡയറി ഫാമിലെ അസുഖം ബാധിച്ച് മരിച്ച 5 വയസുപ്രായമുള്ള പശുവിലാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അസുഖം ബാധിച്ച് മരിക്കുന്ന കന്നുകാലികളില്‍ മൃഗസംരക്ഷണ വകുപ്പ് നടത്താറുള്ള പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഈ പശുവിനെ മാംസം വിപണിയിലെത്തിക്കാത്തതിനാല്‍ ഇത് ഭക്ഷ്യശൃംഖലയിലേക്ക് വ്യാപിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. രോഗം സംബന്ധിച്ച് വിശദമായ പരിശോധനകള്‍ നടക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് ലഭിക്കും.

കാലികളുടെ തലച്ചോറിനെയും സുഷുമ്‌ന നാഡിയേയും ബാധിക്കുന്ന ഈ അപൂര്‍വ്വ മാരകരോഗമാണ് ഭ്രാന്തിപശുരേഗം. ഇതിനുമുമ്പ് 2013 ലാണ് അവസാനമായി അയര്‍ലന്‍ഡില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു പ്രോട്ടീന്‍ ആയ പ്രയോണ്‍ ആണ് രോഗത്തിന് കാരണം. മനുഷ്യര്‍ക്ക് ഈ രോഗം നിലവില്‍ ഭിഷണിയുയര്‍ത്തുന്നില്ലെന്ന് മന്ത്രി സൈമണ്‍ കവെനയ് വ്യക്തമാക്കി. ലൂത്തിലെ ഡയറി ഫാമില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് ഒറ്റപ്പെട്ട സംഭവമാണിത്. വളരെ അപൂര്‍വ ഇനത്തില്‍ പെട്ട ഒരു പശുവാണ് രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്. സംഭവത്തില്‍ സര്‍ക്കാര്‍ ഗൗരവവും സുതാര്യവുമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഒറ്റപ്പെട്ട സംഭവമാണെങ്കിലും ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാനുള്ള ശക്തമായ സംവിധാനം രാജ്യത്തുണ്ടെന്നും മുന്‍കാലങ്ങളില്‍ ഇത്തരം കേസുകള്‍ വളരെ മികച്ച രീതിയിലാണ് കൈകാര്യം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവം അയര്‍ലന്‍ഡിലെ വ്യാപാരമേഖലയെ ബാധിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും വേണ്ടിവന്നാല്‍ രോഗം ബാധിച്ച പശുവിന്റെ തലമുറയെ നശിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മുന്‍കരുതലിന്റെ ഭാഗമായി സംശയമുള്ള എല്ലാ കന്നുകാലികളെയും കൊല്ലുമെന്നും എന്നാല്‍ മറ്റ് മൃഗങ്ങള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്ന് സംശയിക്കാന്‍ കാരണങ്ങളൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം പരിശോധനയില്‍ പശു മരിക്കാനിടയായത് BSE രോഗം മൂലമാണെന്ന് തെളിഞ്ഞാല്‍ വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ആനിമല്‍ ഹെല്‍ത്ത്(OIE) അയര്‍ലന്‍ഡിന് നല്‍കിയ BSE സാധ്യത കുറവുള്ള രാജ്യമെന്ന് സ്ഥാനം നഷ്ടമാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. യുഎസ് മാര്‍ക്കറ്റില്‍ അയര്‍ലന്‍ഡില്‍ നിന്നുള്ള ബീഫിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം കഴിഞ്ഞ വര്‍ഷമാണ് പിന്‍വലിച്ചത്. പുതിയ കേസ് അയര്‍ലന്‍ഡിന്റെ അന്താരാഷ്ട്ര ബീഫ് വിപണിയെ ബാധിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുകയാണ്.

1989 ലാണ് അയര്‍ലന്‍ഡില്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. തുടര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുതുടങ്ങി. അസുഖം ബാധിച്ച മൃഗങ്ങളുടെ തലച്ചോറ്, സുഷുമ്‌ന നാഡി, ചെറുകുടല്‍ എന്നിവ മലിനപ്പെടുത്തിയ ഭക്ഷണം വഴിയാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്. 1996 ലെ ആടഋ ബാധയ്ക്ക് ശേഷം അയര്‍ലന്‍ഡില്‍ കന്നുകാലി പരിചരണത്തിലും ഗോമാംസത്തിന്റെ ഉദ്പാദനം, വിപണനം എന്നിവയില്‍ National Beef Assurance Scheme നടപ്പാക്കിയിരുന്നു.

2008 ല്‍ 23 കേസുകളും 2009 ല്‍ 9 കേസുകളും 2010 ല്‍ രണ്ടു കേസുകളും 2011, 2012 വര്‍ഷങ്ങളില്‍ മൂന്നുകേസുകളുമാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2013 ല്‍ ഒരു കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തുടര്‍ന്ന് രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായാണ് വീണ്ടും BSE റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതിനാല്‍ കൂടുതല്‍ വിശദമായ പരിശോധനകളും മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

-എജെ-

Share this news

Leave a Reply

%d bloggers like this: