സിഡ്‌നി: വിമാനത്തിന്റെ എന്‍ജിനില്‍ തീ കത്തിയതിനെത്തുടര്‍ന്നു മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം മെല്‍ബണ്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. പറന്നുയര്‍ന്നു മിനിറ്റുകള്‍ക്കുള്ളില്‍ വിമാനത്തിന്റെ എന്‍ജിനില്‍ തീ കത്തുകയായിരുന്നു. ഇതേത്തുടര്‍ന്നു പൈലറ്റുമാര്‍ക്ക് അപായസന്ദേശം കംപ്യൂട്ടര്‍ സംവിധാനം വഴി കോക്പിറ്റില്‍ ലഭിച്ചു. വീണ്ടും നിലത്തിറക്കുമ്പോള്‍ തീപിടിത്തമോ സ്‌ഫോടനമോ ഉണ്ടാകാതിരിക്കുവാന്‍ ഇന്ധനം മുഴുവനും വിമാനത്തില്‍നിന്നു ചോര്‍ത്തിക്കളഞ്ഞു.
വിമാനം സുരക്ഷിതമായ നിലത്തിറങ്ങിയതായി പിന്നീട് എയര്‍സര്‍വീസ് ഓസ്‌ട്രേലിയയുടെ വക്താക്കള്‍ മാധ്യമങ്ങളോടു പറഞ്ഞു. മെല്‍ബണില്‍നിന്നു ക്വാലാലംപൂരിലേക്കു യാത്ര തിരിച്ച എയര്‍ബസ് എ-330 വിമാനമാണു തീപിടിത്തത്തെതുടര്‍ന്നു നിലത്തിറക്കിയത്. വിമാനത്തില്‍ 300 യാത്രക്കാര്‍ ഉണ്ടായിരുന്നതായാണു പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
2014-ല്‍ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ രണ്ടു വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടിരുന്നു. മാര്‍ച്ചില്‍ എംഎച്ച്-330 വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണുവെന്നാണു കരുതുന്നത്. ഇതുവരെ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പോലും ലോകരാഷ്ട്രങ്ങള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ന്നെ എംഎച്ച്-17 വിമാനം യുക്രെയ്‌നു മുകളിലൂടെ പറക്കുമ്പോള്‍ വിമതര്‍ വെടിവച്ച് തകര്‍ത്തതാണു രണ്ടാമത്തെ അപകടം. രണ്ടപകടങ്ങളിലും ആരും രക്ഷപ്പെട്ടിട്ടില്ല.
-എജെ-