ബാര്‍ കോഴ: വിജിലന്‍സ് അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി

കൊച്ചി: ബാര്‍ കോഴ കേസില്‍ വിജിലന്‍സിന്റെ അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ആഭ്യന്തരമന്ത്രി എന്ന നിലയില്‍ താനോ സര്‍ക്കാരോ ഇടപെട്ടിട്ടില്ലെന്ന് രമേശ് ചെന്നിത്തല. വിജിലന്‍സ് അന്വേഷണത്തില്‍ അത്തരമൊരു ഇടപെടല്‍ സാധ്യമല്ല. കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ വരുന്ന സ്ഥാപനമാണ് വിജിലന്‍സ്. നീതിപൂര്‍വവും നിയമപരവുമായ അന്വേഷണമാണ് ഈ കേസില്‍ വിജിലന്‍സ് നടത്തിവരുന്നത്. അന്വേഷണത്തില്‍ ആക്ഷേപമുള്ളവര്‍ക്ക് കോടതിയില്‍ ചോദ്യം ചെയ്യാമെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബാര്‍ കോഴ കേസില്‍ മന്ത്രി കെ.എം. മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തെളിവില്ലെന്നു വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോളിന് എഡിജിപി ഷേയ്ക്ക് ദര്‍വേഷ് സാഹിബ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ആദ്ദേഹം. മാണിക്കെതിരേ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ആവശ്യമായ തെളിവില്ലെന്നാണ് വിജിലന്‍സ് എഡിജിപിയുടെ സൂക്ഷ്മ പരിശോധനാ റിപ്പോര്‍ട്ട്. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചാല്‍ നിലനില്‍ക്കാന്‍ ആവശ്യമായ തെളിവില്ലെന്ന വിജിലന്‍സ് നിയമോപദേഷ്ടാവ് സി.സി. അഗസ്റ്റിന്റെ കണ്ടെത്തലുകളോടു യോജിക്കുന്നതാണ് എഡിജിപിയുടെ സൂക്ഷ്മ പരിശോധനാ റിപ്പോര്‍ട്ട്. മാണിക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കാന്‍ ആവശ്യമായ തെളിവുണ്ടെന്ന, കേസ് അന്വേഷിച്ച വിജിലന്‍സ് എസ്പി ആര്‍. സുകേശന്റെ റിപ്പോര്‍ട്ട് തള്ളിയാണ് എഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആവശ്യമെങ്കില്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടാമെന്നും വിജിലന്‍സ് ഡയറക്ടര്‍ക്കു സമര്‍പ്പിച്ച സൂക്ഷ്മ പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇനി വിജിലന്‍സ് ഡയറക്ടറാണു കുറ്റപത്രം സമര്‍പ്പിക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്.

അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ ഏഴ്, 13(1) ഡി എന്നീ വകുപ്പുകള്‍ പ്രകാരം ഔദ്യോഗിക പദവി ഉപയോഗിച്ചു മന്ത്രി മാണി കോഴ ആവശ്യപ്പെട്ടതിനും കോഴ വാങ്ങിയതിനും തെളിവില്ല. കോഴയായി നല്‍കിയെന്ന് ആരോപണമുന്നയിച്ച തൊണ്ടി മുതലെന്ന് അവകാശപ്പെടുന്ന ഒരു കോടി രൂപ കണ്ടെടുക്കാന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ കുറ്റപത്രം നിലനില്‍ക്കുന്നതല്ല. മന്ത്രി കോഴ വാങ്ങിയതിനു പ്രത്യുപകാരം ചെയ്തതായി തെളിയിക്കാനും അന്വേഷണ ഉദ്യോഗസ്ഥാനായിട്ടില്ല. ബാറുകള്‍ പൂട്ടാനും തുറക്കാനും ലൈസന്‍സ് ഫീസ് ഉയര്‍ത്താനും ധനമന്ത്രിക്ക് ഒറ്റയ്ക്കു തീരുമാനം എടുക്കാനാകില്ല. മന്ത്രിസഭയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. മന്ത്രിസഭയുടെ പരിഗണനയില്‍ വരുന്ന കാര്യത്തില്‍ മാണി കോഴ വാങ്ങി കാര്യം നടത്തി നല്‍കാമെന്നു പറയുന്നതില്‍ കഴമ്പില്ലെന്നും സൂക്ഷ്മപരിശോധനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: