ന്യൂഡല്‍ഹി: ഐ.പി.എല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളുടെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നേരിടുന്ന ഐ.പി.എല്‍ മുന്‍ കമ്മിഷണര്‍ ലളിത് മോദിയ്ക്ക് വിദേശ യാത്ര നടത്താന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് സഹായിച്ചതായി ആരോപണം. 2014ല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് മോദിക്ക് പോര്‍ച്ചുഗലിലേക്ക് പോവാന്‍ യാത്രാരേഖകള്‍ ശരിയാക്കുന്നതിന് സുഷമ സഹായിച്ചതായാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍, മോദിയെ താന്‍ വഴി വിട്ട് സഹായിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യയുടെ ചികിത്സാര്‍ത്ഥം വിദേശത്ത് പോവാന്‍ മാനുഷിക പരിഗണന വച്ച് സഹായിക്കുകയാണ് ചെയ്തതെന്നും സുഷമ ട്വിറ്ററിലൂടെ വിശദീകരിച്ചു.
ലണ്ടനില്‍ താമസിക്കുകയായിരുന്ന മോദിക്കെതിരെ ഐ.പി.എല്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുച്ചിരുന്നു. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എം.പി കേയ്ത് വാസാണ് മോദിക്ക് വിസ ലഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയത്. ഇതിനായി വാസ്, സുഷമാ സ്വരാജിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു എന്നാണ് ബ്രിട്ടനിലെ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
മോദിയുടെ ഭാര്യ കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. 2014 ആഗസ്റ്റില്‍ പോര്‍ച്ചുഗലില്‍ വച്ച് അവര്‍ക്ക് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ രേഖകളില്‍ ഒപ്പുവയ്ക്കുന്നതിന് തന്റെ സാന്നിദ്ധ്യം വേണമെന്നും യാത്രയ്ക്കാവശ്യമായ രേഖകള്‍ ലണ്ടനില്‍ നല്‍കിയിട്ടുണ്ടെന്നും അറിയിച്ചിരുന്നു. മനുഷ്യത്വപരമായ നിലപാടിന്റെ ഭാഗമായാണ് താന്‍ സഹായം നല്‍കിയത് എന്നാണ് സുഷമ സ്വരാജിന്റെ വിശദീകരണം.
അതേസമയം, ഇന്ത്യന്‍ സര്‍ക്കാരിന് ലളിത് മോദിയുടെ വിദേശയാത്രയില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നുവെന്ന് വാസ് ബ്രിട്ടനിലെ ഇമിഗ്രേഷന്‍ ഓഫിസിലേക്കയച്ച കത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ബ്രിട്ടനിലെ നിയമപ്രകാരം മോദിയുടെ യാത്രാ രേഖകള്‍ പരിശോധിച്ച് അനുമതി നല്‍കാവുന്നതാണ് എന്നാണ് ഹൈക്കമ്മിഷണറോട് താന്‍ പറഞ്ഞിരുന്നതെന്ന് സുഷമ വ്യക്തമാക്കി.