വിന്‍സണ്‍ എം.പോളിന് സര്‍ക്കാര്‍ ഉന്നത പദവി വാഗ്ദാനം ചെയ്‌തെന്ന് ബിജു രമേശ്

കൊച്ചി: ആറു മാസത്തിനകം വിരമിക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം.പോളിന് സര്‍ക്കാര്‍ ഉന്നത പദവി വാഗ്ദാനം ചെയ്‌തെന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് ആരോപിച്ചു. അതിനാലാണ് ധനമന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍ കോഴ കേസ് അട്ടിമറിക്കാന്‍ ഡയറക്ടര്‍ ശ്രമിക്കുന്നതെന്നും ബിജു മാദ്ധ്യമങ്ങളോട് പറഞ്ഞു.

ബാര്‍ കോഴ കേസിലെ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് ധൈര്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കട്ടെയെന്നും ബിജു പറഞ്ഞു. ബാര്‍ കോഴ കേസില്‍ ഉദ്യോഗസ്ഥര്‍ക്കു മേല്‍ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിന്‍സണ്‍ എം.പോളിന്റെ സമ്മര്‍ദ്ദം ഉണ്ടായതിനാലാണ് കേസിന്റെ ചുമതല ഉണ്ടായിരുന്ന മുന്‍ എ.ഡി.ജി.പി ജേക്കബ്ബ് തോമസ് അവധി എടുത്ത് പോയത്. തന്റെ ചുമതലയില്‍ മറ്റൊരാള്‍ കൈ കടത്തിയതിന്റെ പ്രതിഷേധമായിരുന്നു അദ്ദേഹത്തിന്റേതെന്നും ബിജു പറഞ്ഞു.

ബാര്‍ കോഴ കേസില്‍ മാണിയ്‌ക്കെതിരെ കേസെടുക്കാനാവില്ലെന്ന വിജിലന്‍സിന്റെ റിപ്പോര്‍ട്ട് രാഷ്ട്രീയക്കാര്‍ക്ക് അഴിമതി നടത്താനുള്ള വഴിയാണ്. വിന്‍സണ്‍ എം.പോളും രാഷ്ട്രീയക്കാരും ചേര്‍ന്ന് കേരളത്തിലെ ജനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: