ബീജിങ്: ചൈനയുമായി പാശ്ചാത്യ രാജ്യങ്ങളും ജപ്പാനുമായി ദക്ഷിണ ചൈന കടലില്‍ പ്രതിസന്ധികള്‍ മൂര്‍ച്ഛിക്കുന്നതിനിടെ ചൈന, അത്യാധുനിക ന്യൂക്ലിയര്‍ സൂപ്പര്‍ സോണിക്ക് ഡെലിവറി വെഹിക്കിളായ ‘വൂ 14’ പരീക്ഷിച്ചു. ഒന്നര വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് ചൈന ഈ വാഹനം പരീക്ഷിക്കുന്നത്.
ശബ്ദത്തേക്കാള്‍ പത്തിരട്ടി വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും ഈ വാഹനത്തിന്. അതായത് മണിക്കൂറില്‍ 7,680 മൈല്‍ പിന്നിടാം. ഇന്ത്യയെ പോലൊരു രാജ്യത്തെ ലക്ഷ്യം വച്ചാല്‍ അരമണിക്കൂര്‍ കൊണ്ട് ചുട്ടുചാമ്പലാക്കാനുമാവും. ഇതോടൊപ്പം ഭൂഖണ്ഡങ്ങളില്‍ ആക്രമണം നടത്തുന്നതിനും സാധിക്കും. മിസൈല്‍ പ്രതിരോധ സംവിധാനത്തെ മറികടക്കാനുള്ള അത്യാധുനിക സംവിധാനവും ഇതിനുണ്ട്.
അതേസമയം, തങ്ങളുടെ ഭൂപ്രദേശത്ത് ഇത്തരത്തിലുള്ള ശാസ്ത്രീയ പരീക്ഷണങ്ങള്‍നടത്തുന്നതില്‍ അസ്വഭാവികമായി ഒന്നുമില്ലെന്നും ഏതെങ്കിലും രാജ്യത്തെ ലക്ഷ്യമിട്ടല്ല പരീക്ഷണം നടത്തിയതെന്നും ചൈനയിലെ പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് ഹോങ്കോങ്ങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചൈനീസ് പത്രം മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളില്‍ അമേരിക്ക ഇടപെടുന്നതിലുള്ള മുന്നറിയിപ്പാണ് ഇതിലൂടെ ചൈന നല്‍കിയതെന്നും പത്രം പറയുന്നു. അമേരിക്കയുടെ മിസൈല്‍ വേധ സംവിധാനത്തെ മറികടക്കാന്‍ കരുത്തുള്ളതാണ് വു 14 എന്ന് വാഷിങ്ടണ്‍ ഫ്രീ ബീക്കണ്‍ എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.