കോംപ്ലാനിലും പുഴു;പായ്ക്ക് ചെയ്ത എല്ലാ ഭക്ഷണങ്ങളും പരിശോധിക്കാന്‍ കേന്ദ്രനിര്‍ദേശം

 
ലക്‌നോ: എനര്‍ജി ഡ്രിങ്കായ കോംപ്ലാനില്‍ പുഴുക്കളെ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ലക്‌നോവിലുളള കടയില്‍നിന്നു വാങ്ങിയ കോംപ്ലാനിലാണു പുഴുക്കളെ കണ്ടെത്തിയത്. ലക്‌നോവിലെ മഹാനഗഹര്‍ സ്വദേശിയായ തനിഷ റായി സിംഘാനിയ വാങ്ങിയ കോംപ്ലാനിലാണു പുഴുവിനെ കണ്ടത്.

ശനിയാഴ്ച വാങ്ങിയ കോംപ്ലാന്‍ മക്കള്‍ക്കു നല്‍കാനുളള പാലില്‍ ചേര്‍ത്ത് അല്പസമയത്തിനുശേഷമാണു പാലിന്റെ ഉപരിതലത്തില്‍ പുഴുക്കളെ കണ്ടത്. വെളുപ്പും കറുപ്പും നിറത്തിലുളള പുഴുക്കളും പ്രാണികളുമാണ് കേംപ്ലാനിലുണ്ടായിരുന്നത്. ഇതേത്തുടര്‍ന്നു ഭക്ഷ്യസുരക്ഷാവകുപ്പിനു പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കോംപ്ലാന്റെ ഉത്പാദകരായ ബ്രിട്ടീഷ് കമ്പനിക്കു ഭക്ഷ്യസുരക്ഷാ അതോറിറ്റി നോട്ടീസ് അയച്ചു. എന്നാല്‍ സംഭവത്തെക്കുറിച്ച് ഇതുവരെ കോംപ്ലാന്റെ ഉത്പാദകര്‍ പ്രതികരിച്ചിട്ടില്ല.

അതേസമയം രാജ്യത്തു നിലവില്‍ വില്‍ക്കുന്ന എല്ലാ പായ്ക്കററ് ഭക്ഷണങ്ങളും പരിശോധിക്കാന്‍ കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. ഗുണനിലവാരമില്ലാത്തിനെത്തുടര്‍ന്നു മാഗി നൂഡില്‍സ് സംസ്ഥാനങ്ങളില്‍ നിരോധിച്ചതിനു പിന്നാലെയാണു ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നിര്‍ദേശം. രജിസ്ട്രഷന്‍ ഇല്ലാതെ നൂറുകണക്കിനു ഭക്ഷ്യോത്പന്നങ്ങള്‍ രാജ്യത്തു പായ്ക്കറ്റിലാക്കി വില്‍ക്കുന്നുണ്ട്. ഇവയെല്ലാം പരിശോധിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്്.

പരിശോധന നടത്തുന്നത് ഏതു തരത്തിലായിരിക്കണമെന്നു സംസ്ഥാനങ്ങളിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നേരത്തേ തീരുമാനിക്കണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ കര്‍ശനമായ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണു നിര്‍ദേശം. ആവശ്യമായി വന്നാല്‍ നടപടികളെടുക്കാനും നിര്‍ദ്ദേശമുണ്ട്. നിലവാരമില്ല എന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു മാഗി നൂഡില്‍സിന് ഈ മാസമാദ്യം വിലക്കേര്‍പ്പെടുത്തിയിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: