ലക്‌നോ: യുപിയിലെ ഷാജഹാന്‍പുരില്‍ മാധ്യമപ്രവര്‍ത്തകനെ ചുട്ടുകൊന്ന സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ബന്ധുക്കള്‍ രംഗത്ത്. യുപി സര്‍ക്കാരില്‍നിന്നു തന്റെ മകനു നീതികിട്ടില്ലെന്നും അതിനാല്‍, കേസില്‍ സിബിഐ അന്വേഷണം വേണമെന്നും കൊല്ലപ്പെട്ട ജാഗേന്ദ്ര സിംഗിന്റെ പിതാവ് ആവശ്യപ്പെട്ടു.
നേരത്തേ സംഭവവുമായി ബന്ധപ്പെട്ടു സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശ്രീപ്രകാശ് റായി ഉള്‍പ്പെടെ അഞ്ചു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജൂണ്‍ ഒന്നിനായിരുന്നു മാധ്യമപ്രവര്‍ത്തകനായ ജാഗേന്ദ്ര സിംഗ് കൊല്ലപ്പെടുന്നത്. അനധികൃത ഖനനവുമായി ബന്ധപ്പെട്ടു ഫേസ്ബുക്കില്‍ മന്ത്രിക്കെതിരേ ജാഗേന്ദ്ര സിംഗ് പോസ്റ്റിട്ടിരുന്നു. വാര്‍ത്താ ചാനലുകള്‍ ഇതു സംപ്രേഷണം ചെയ്തതോടെയാണു സിംഗിനു വധഭീഷണിയുണ്ടായത്.
-എജെ-