കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ നഷ്ടപ്പെട്ട തെളിവുകളും രേഖകളും വീണ്ടെടുക്കാന്‍ സാധിച്ചില്ലെന്ന് സിബിഐ. തെളിവുകള്‍ക്കായി ആര്‍ഡിഒ ഓഫീസില്‍ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇനി അവ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്ലെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു. തെളിവുകള്‍ നഷ്ടപ്പെട്ടതിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സിബിഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
കൊല്ലപ്പെട്ട സമയത്ത് അഭയ ധരിച്ചിരുന്ന ശിരോവസ്ത്രവും ചെരുപ്പുകളും അവരുടെ ഡയറിക്കുറിപ്പുകള്‍ എന്നിവയാണ് നഷ്ടപ്പെട്ട തെളിവുകള്‍. കോട്ടയം ആര്‍ഡിഒ ഓഫീസിലാണ് തെളിവുകള്‍ സൂക്ഷിച്ചിരുന്നത്. കേസില്‍ തെളിവ് നശിപ്പിച്ചവര്‍ക്കെതിരായ സിബിഐ അന്വേഷണം സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ വിശദീകരണം നല്‍കണമെന്ന് ഹൈകോടതി ഈ മാസമാദ്യം ആവശ്യപ്പെട്ടിരുന്നു. പത്ത് ദിവസത്തിനകം സത്യവാങ്മൂലം നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചത്.
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് 23 വര്‍ഷം തികയുമ്പോഴും സിബിഐ അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ പ്രതികള്‍ക്കെതിരായ വിചാരണ നടപടികള്‍ തടസ്സപ്പെട്ടിരിക്കുന്നതായി ചൂണ്ടിക്കാട്ടി അഭയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി നിര്‍ദേശം.
കോട്ടയം സെന്റ് പയസ് ടെന്‍ത് കോണ്‍വെന്റിലെ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന സിസ്റ്റര്‍ അഭയയെ(19) 1992 മാര്‍ച്ച് 27നാണ് അവിടത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
-എജെ-