ഡബ്ലിന്‍: ആറുവയസില്‍ താഴെയുള്ളവര്‍ക്ക് സൗജന്യ ജിപി കെയര്‍ നല്‍കുന്ന പദ്ധതി നടപ്പായാല്‍ മാതാപിതാക്കള്‍ യാതൊരു കാരണവുമില്ലാതെ ഇടയ്ക്കിയ്ക്ക് കുട്ടികളുമായി ജിപിമാരെ കാണാന്‍ വരുമെന്ന ആശങ്ക വേണ്ടെന്ന് പ്രൈമറി മിനിസ്റ്റര്‍ കാത്‌ലീന്‍ ലിഞ്ച് അറിയിച്ചു.
ജിപി പ്രാക്ടീസില്‍ വെയ്റ്റിംഗ് ടൈം വര്‍ധിക്കുമെന്ന് പറഞ്ഞ് നാഷണല്‍ അസോസിയേഷന്‍ ഓഫ് ജനറല്‍ പ്രാക്ടീഷമേഴ്‌സ് (NAGP) പദ്ധതിയെ എതിര്‍ക്കുകയാണ്. എന്നാല്‍ അവരുടെ ഭയാശങ്കകളെ കാത്‌ലീന്‍ ലിഞ്ച് എതിര്‍ത്തു. ഞാന്‍ അവരുടെ വാദഗതികള്‍ അംഗീകരിക്കുന്നില്ലെന്നും ഞാന്‍ അവരുടെ വാദഗതികള്‍ അംഗീകരിക്കില്ലെന്ന് അവര്‍ക്ക് വ്യക്തമായറിയാമെന്നും RTE മോണിംഗ് അയര്‍ലന്‍ഡില്‍ മന്ത്രി പറഞ്ഞു. പദ്ധതിയ്ക്കായി കൂടുതല്‍ കുട്ടികളെ കണ്ടെത്തിയിട്ടില്ലെന്നും രാജ്യത്ത് ജീപി സേവനം തേടിയിരുന്ന ആറുവയസില്‍ താഴെയുള്ള കുട്ടികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടു മൂലം കുട്ടികളെ ജിപിയുടെ അടുത്ത് കൊണ്ടുപോകാന്‍ കഴിയാതിരുന്ന മാതാപിതാക്കള്‍ ഇനി മുതല്‍ ജിപി സേവനം തേടും. എന്നാല്‍ അനാവശ്യമായി കുട്ടികളുമായി മാതാപിതാക്കള്‍ ജിപിയുടെ അടുത്ത് ഇടയ്ക്കിടയ്ക്ക് ചെല്ലില്ലെന്നും അങ്ങനെ വെറുതെ കളയാന്‍ ആര്‍ക്കും സമയമില്ലെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയില്‍ കുട്ടികളെ ചേര്‍ക്കുന്നതിന് മാതാപിതാക്കള്‍ക്ക് ഇന്നുമുതല്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ നടപടി ഇന്നുമുതല്‍ ആരംഭിച്ചിരിക്കുകയാണ്. പദ്ധതി ജൂലെ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.
-എജെ-