മന്ത്രിമാര്‍ ഗതാഗതനിയമം ലംഘിക്കരുതെന്ന് ആഭ്യന്തര മന്ത്രി, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി ട്രാഫിക് നിയമങ്ങള്‍ ലംഘിക്കരുതെന്ന് ഡിജിപി

 

തിരുവനന്തപുരം: വാഹനങ്ങളുടെ അമിത വേഗം ക്യാമറയില്‍ പെട്ടാല്‍ മന്ത്രിമാരില്‍ നിന്ന് അടക്കം പിഴ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ശുഭായത്രാ പദ്ധതി വിലയിരുത്തുന്നതിനായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണു തീരുമാനം. ഈ മാസം 24നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ആഭ്യന്തര, ഗതാഗത, വിദ്യാഭ്യാസ, പൊതുമരാമത്തു വകുപ്പു മന്ത്രിമാരുടെ യോഗം ചേരും. ഗതാഗത നിയമം കാര്യക്ഷമമായി നടപ്പാക്കാന്‍ എല്ലാ പ്രധാന നിരത്തിലും ക്യാമറ സ്ഥാപിക്കും. ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവടങ്ങള്‍ കേന്ദ്രീകരിച്ചു ദേശീയപാതയില്‍ ആംബുലന്‍സ് ലഭ്യമാക്കാനും സ്‌കൂള്‍ പരിസരങ്ങളില്‍ രാവിലെയും വൈകിട്ടും പൊലീസിന്റെ സാന്നിധ്യം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. ആഭ്യന്തര സെക്രട്ടറി നിളിനി നെറ്റോ ,ഡിജിപി ടി.പി.സെന്‍കുമാര്‍, എഡിജിപി അരുണ്‍കുമാര്‍ സിന്‍ഹ, ഐജി മനോജ് ഏബ്രഹാം എന്നിവര്‍ പങ്കെടുത്തു.

പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനം കാണുമ്പോള്‍ ട്രാഫിക് സിഗ്‌നലുകള്‍ ഓഫാക്കരുതെന്ന് ഡിജിപി ടി.പി.സെന്‍കുമാര്‍ പറഞ്ഞു. ഗതാഗത നിയമം പാലിക്കുന്നതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മറ്റുള്ളവര്‍ക്കു മാതൃകയാകണം. നോ പാര്‍ക്കിങ് സ്ഥലത്തു പാര്‍ക്ക് ചെയ്യുക, ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കുക, ചുവന്ന സിഗ്‌നല്‍ ഉള്ളപ്പോള്‍ ജംഗ്ഷന്‍ ക്രോസ് ചെയ്യുക എന്നീ പൊലീസ് ഉദ്യോഗസ്ഥരുടെ നിയമലംഘനം പൊതുജനമധ്യത്തില്‍ പൊലീസിനെ കുറിച്ച് അവമതിപ്പുണ്ടാക്കുന്നു. മുതിര്‍ന്ന പൊലീ്‌സ് ഉദ്യോഗസ്ഥരുടെ വാഹനം കാണുമ്പോള്‍ പെട്ടെന്ന് സിഗ്‌നലുകള്‍ മാറ്റി കാണിക്കുന്നത് അപകടങ്ങള്‍ക്ക് ഇടയാക്കും. ചുവന്ന സിഗ്‌നല്‍ ഉള്ളപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനം കടത്തി വിടാന്‍ പാടില്ല. ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ ഒരു കാരണവശാലും ഇത് അനുവദിക്കരുതെന്നു ഡിജിപി നിര്‍ദ്ദേശിച്ചു. ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥന് അടിയന്തരമായി യാത്ര ചെയ്യേണ്ടി വന്നാല്‍ ഹെഡ് ലൈറ്റ് ഇട്ട്, സൈറണ്‍ മുഴക്കി മുന്നറിയിപ്പു നല്‍കണം. ഇത്തരം വാഹനം മാത്രമേ കടത്തി വിടാവൂ. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ഗതാഗത നിയമം പാലിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. അതേസമയം രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ക്കു അകമ്പടി പോകുന്ന പോലീസ് വാഹനങ്ങള്‍ക്ക് ഈ നിര്‍ദേശം ബാധകമല്ലെന്നും സെന്‍കുമാര്‍ അറിയിച്ചു.

പോലീസിലെ അഴിമതി തടയാന്‍ ആഭ്യന്തര വിജിലന്‍സ് സമിതിക്കു കഴിഞ്ഞ ദിവസമാണു ഡിജിപി രൂപം നല്‍കിയത്. സംസ്ഥാനത്തെ പോലീസ് സംവിധാനത്തെ ഉടച്ചുവാര്‍ക്കുന്ന തരത്തിലുളള നടപടികള്‍ ഡിജിപി തുടരുമെന്നാണു പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
-എജെ-

Share this news

Leave a Reply

%d bloggers like this: