നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്…ദുബായിലേക്ക് കടത്തിയത് നൂറ് കോടി രൂപ

കൊച്ചി: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പില്‍ ഉതുപ്പ് വര്‍ഗീസ് 100 കോടി രൂപ ദുബായിലേക്ക് കടത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. അതേസമയം കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് അഡോള്‍ഫസ് ലോറന്‍സിനെ ഒരു ദിവസത്തേക്ക് റിമാന്റ് ചെയ്തു.

ഹവാല പണം അയക്കാന്‍ ഉതുപ്പ് വര്‍ഗീസിനെ സഹായിച്ചത് അബ്ദുള്‍ നാസറെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് വ്യക്തമാക്കി. നേരത്തെ അറസ്റ്റിലായ സുരേഷ് ബാബുവാണ് അബ്ദുള്‍ നാസറിനെ ഉതുപ്പ് വര്‍ഗീസിന് പരിചയപ്പെടുത്തി നല്‍കിയത്. നാസര്‍ വഴി 100 കോടി രൂപ കടത്തിയതിന് തെളിവുകളുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എറണാകുളം സെഷന്‍സ് കോടതിയെ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ നാസറിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രൊടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് അഡോള്‍ഫസ് ലോറന്‍സിനെ സിബിഐ കോടതിയില്‍ ഹാജരാക്കി. നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസുകളുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത നാലു കേസുകളില്‍ ഒന്നാം പ്രതിയാണ് അഡോള്‍ഫസ്. ലൈസന്‍സില്ലാത്ത ഏജന്‍സികള്‍ പത്രങ്ങള്‍ പരസ്യം നല്‍കി റിക്രൂട്ട്‌മെന്റ് നടത്തിയത് ഇയാളുടെ ഒത്താശയോടെയാണ് സിബിഐ കോടതിയെ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: