സുഷമസ്വരാജിന്‍റെ കുടുംബവുമായി 20 വ‍ര്‍ഷത്തെ ബന്ധം- ലളിത് മോദി

ഡല്‍ഹി: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും വഴിവിട്ട സഹായങ്ങള്‍ നല്‍കിയെന്ന രേഖകള്‍ പുറത്തുവന്നതിനു പിന്നാലെ ഇരുവരുമായും അടുത്ത ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി മുന്‍ ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത് മോദി രംഗത്തെത്തി. സുഷമാ സ്വരാജും വസുന്ധരയും തന്നെ സഹായിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ മോദി കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ലയും എന്‍.സി.പി. നേതാക്കളായ ശരദ് പവാറും പ്രഫുല്‍ പട്ടേലും തന്നെ യാത്രാ രേഖകള്‍ നേടുന്നതിന് സഹായിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി.

മോണ്ടിനഗ്രോയില്‍ ഇന്ത്യാ ടുഡേയോട് സംസാരിക്കുകയായിരുന്നു മോദി. സുഷമാ സ്വരാജിന്റെ കുടുംബവുമായി തനിക്ക് 20 വര്‍ഷമായി അടുപ്പമുണ്ട്. സുഷമയുടെ ഭര്‍ത്താവ് അഡ്വ. സ്വരാജ് കൗശല്‍ തന്റെ അഭിഭാഷകനായി പ്രവര്‍ത്തിച്ചിരുന്നു. വസുന്ധര രാജെ തന്നെ പിന്തുണച്ച് കത്തെഴുതിയിരുന്നു. തന്റെ ഭാര്യയുടെ ചികിത്സാ സമയത്ത് വസുന്ധര ഒപ്പമുണ്ടായിരുന്നുവെന്നും മോദി പറഞ്ഞു. അതേസമയം, തനിക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്രിന് കഴിയുമോ എന്നും മോദി വെല്ലുവിളിച്ചു.

മോദി വിഷയം കേന്ദ്ര സര്‍ക്കാരിനെതിരെ ആയുധമാക്കിയ കോണ്‍ഗ്രസിന് മോദിയുടെ വെളിപ്പെടുത്തല്‍ തിരിച്ചടിയായിരിക്കുകയാണ്. മുന്‍ യു.പി.എ സര്‍ക്കാരില്‍ മന്ത്രിമാരായിരുന്നു പവാറും പ്രഫുല്‍ പട്ടേലും രാജീവ് ശുക്ലയും.

Share this news

Leave a Reply

%d bloggers like this: