ന്യൂഡല്‍ഹി: വിമാനത്താവളങ്ങളില്‍ യാത്രക്കാരെ പരിശോധിക്കാന്‍ പ്രത്യേക സേന വേണമെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം. സിഐഎസ്എഫ് യൂണിറ്റുകള്‍ വ്യോമയാന മന്ത്രാലയത്തിന്റെ കീഴിലാക്കണമെന്നും മന്ത്രാലയം കേന്ദ്ര ആഭ്യന്തര വകുപ്പിനു റിപ്പോര്‍ട്ട് നല്‍കി. വിമാനത്താവളത്തില്‍ യാത്രക്കാരെ പരിശോധിക്കുന്ന ചുമതലയില്‍ നിന്ന് സി.ഐ.എസ്.എഫിനെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ വെടിവയ്പില്‍ സി.ഐ.എസ്.എഫ് ജവാന്‍ മരിക്കാനിടയായ സംഭവത്തെ കുറിച്ച് അന്വേഷിച്ച വ്യോമയാന സെക്രട്ടറി അശോക് ലവാസ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇതേക്കുറിച്ച് പറയുന്നത്.കരിപ്പൂര്‍ സംഭവത്തെക്കുറിച്ചു കേരളം നല്‍കിയ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്നു വ്യോമയാന മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റണ്‍വേയിലെ ലൈറ്റുകള്‍ തകര്‍ത്തത് സിഐഎസ്എഫുകാരാണ്. സീതാറാം ചൗധരിക്കെതിരായ പരാതി ആദ്യം അവഗണിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ വിമാനത്താവളങ്ങളുടെ സുരക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സി.ഐ.എസ്.ഫാണ് നോക്കുന്നത്. എന്നാല്‍, സി.ഐ.എസ്.എഫിന്റെ പരിശോധനയ്‌ക്കെതിരെ പലയിടത്തു നിന്നും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. പരാതികള്‍ ഒഴിവാക്കുന്നതിന് സി.ഐ.എസ്.എഫ് യൂണിറ്റുകള്‍ വ്യോമയാന മന്ത്രാലയത്തിന് കീഴിലാക്കണം. തങ്ങളുടെ ബന്ധുക്കള്‍ക്ക് സുരക്ഷാ പരിശോധനയില്‍ അനര്‍ഹമായ ഇളുവകള്‍ സി.ഐ.എസ്.എഫുകാര്‍ നല്‍കുന്നതായുള്ള ആക്ഷേപങ്ങളും നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളത്തിന്‍റെ റിപ്പോര്‍ട്ട് തള്ളിയകൊണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് പ്രശ്‌നത്തിന തുടക്കമിട്ടതെന്ന വാദം ശരിയല്ലെന്നും പറയുന്നു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ സണ്ണി തോമസ് സി.ഐ.എസ്.എഫിന്റെ പരിശോധനയോട് സഹകരിക്കുന്നത് വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണാമെന്നും അശോക് ലവാസ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിമാനത്താവളങ്ങളിലെ സുരക്ഷ സംബന്ധിച്ച് എയര്‍പോര്‍ട്ട് ഡയറക്ടറുടെ നേതൃത്വത്തില്‍ ഓരോ മാസവും യോഗം വിളിക്കണം. സി.സി.ടി.വി ദൃശ്യങ്ങള്‍ കൃത്യമായി പരിശോധിക്കണം. യാത്രക്കാരെ പരിശോധിക്കുന്‌പോള്‍ സൗമ്യമായും മാന്യമായും പെരുമാറാന്‍ ശ്രദ്ധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.