ആദിവാസി കുട്ടികള്‍ക്ക് നല്‍കിയ ചുമയ്ക്കുള്ള മരുന്നില്‍ കീടനാശിനി; ഒരു കുട്ടി ആശുപത്രിയില്‍

 

തൊടുപുഴ: അടിമാലി പത്താംമൈലിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍നിന്ന് ആദിവാസികുട്ടികള്‍ക്കായി നല്‍കിയ ചുമയ്ക്കുള്ള മരുന്നില്‍ കീടനാശിനിയുടെ അംശം. മരുന്ന് കഴിച്ച പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹിളാ ശിക്ഷണ്‍ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് നല്‍കിയ മരുന്നിലാണ് കീടനാശിനി കണ്ടെത്തിയത്. .ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ അധികാരികള്‍ പറയുന്നത്.

കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ വഴി വിതരണം ചെയ്ത സാല്‍ബ്യൂട്ടമോള്‍ എന്ന ചുമയ്ക്കുള്ള സിറപ്പിലാണ് കീടനാശിനി കലര്‍ന്നതായി സംശയിക്കുന്നത്. 45 ആദിവാസി കുട്ടികള്‍ താമസിച്ച് പഠിക്കുന്ന മഹിളാ സമഖ്യയുടെ കീഴിലുള്ള മഹിളാ ശിക്ഷണ്‍ കേന്ദ്രത്തില്‍ കഴിഞ്ഞ ആറാം തീയതി നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ നല്‍കിയതായിരുന്നു മരുന്ന്.
മരുന്ന് കഴിച്ച പാണ്ട്യമാദേവി എന്ന കുട്ടിക്ക് കടുത്ത വയറ് വേദനയും വിറയലും ചര്‍ദ്ദിയും അനുഭവപ്പെട്ടു. തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ജൂണ്‍ 2014ല്‍ നിര്‍മ്മിച്ച ബാച്ച് നമ്പര്‍ 1444ല്‍ പെട്ട മരുന്നിലാണ് കീടനാശിനിയുടെ രൂക്ഷ ഗന്ധമുള്ളത്. മെയ് 2016 വരെ കാലാവധിയുള്ളതാണ് ഈ മരുന്ന്.
ഇതേ ബാച്ച് നമ്പറില്‍ പെട്ട മരുന്നുകള്‍ അടിയന്തിരമായി പരിശോധിച്ച് സംഭവിച്ചതെന്തെന്ന് കണ്ടെത്തിയില്ലെങ്കില്‍ കുട്ടികള്‍ക്ക് ഉള്‍പ്പടെ കൊടുക്കുന്ന മരുന്നായതിനാല്‍ അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്.
-എജെ-

Share this news

Leave a Reply

%d bloggers like this: