ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷ വീണ്ടും നടത്താന്‍ മൂന്നു മാസത്തെ സാവകാശം വേണമെന്ന സിബിഎസ്ഇയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഓഗസ്റ്റ് 17-നകം പരീക്ഷ നടത്തി ഫലപ്രഖ്യാപിക്കണമെന്നാണു ജസ്റ്റീസ് ആര്‍.കെ. അഗര്‍വാള്‍ ഉത്തരവിട്ടിരിക്കുന്നത്.
മറ്റു നിരവധി പരീക്ഷകള്‍ നടത്താനുണ്ടെന്നും 6.5 ലക്ഷം വിദ്യാര്‍ഥികള്‍ എഴുതുന്ന പരീക്ഷയ്ക്കു തയാറെടുപ്പുകള്‍ നിരവധിയുണ്ടെന്നും സിബിഎസ്ഇ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. നടപടി ക്രമങ്ങളെല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കി പരീക്ഷ നടത്താനാണ് കോടതി സിബിഎസ്ഇയോടു നിര്‍ദേശിച്ചത്.
ഉത്തര സൂചിക ചോര്‍ന്നതിനെത്തുടര്‍ന്നാണ് ആദ്യം നടന്ന മെഡിക്കല്‍ പ്രവേശന പരീക്ഷ സുപ്രീംകോടതി റദ്ദാക്കിയത്. ഒരുകൂട്ടം പരീക്ഷാര്‍ഥികള്‍ നല്കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്. ഉത്തരസൂചിക മുന്‍കൂറായി ലഭിച്ച കുട്ടികളുടെ പരീക്ഷ മാത്രമേ റദ്ദാക്കാവൂ എന്നു സിബിഎസ്ഇ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
-എജെ-