ചാള്‍സ്റ്റണ്‍: വര്‍ഗീയ ലഹളയ്ക്ക് തുടക്കമിടാനാണ് ആക്രമണം നടത്തിയതെന്ന് സൗത്ത് കരോലിനയിലെ കറുത്തവര്‍ഗക്കാരുടെ ആരാധനാലയത്തില്‍ വെടിവയ്പ്പ് നടത്തിയ അക്രമി വെളിപ്പെടുത്തി. കറുത്തവര്‍ഗക്കാര്‍ ലോകമെമ്പാടും വ്യാപിക്കുന്നത് തടയുകയാണ് തന്റെ ലക്ഷ്യമെന്ന് പിടിയിലായ ഡിലാന്‍ സ്‌റ്റോം റൂഫ് ( 21) പറഞ്ഞു. വെള്ളക്കാരുടെ രക്ഷയ്ക്ക് വേണ്ടിയാണ് കുറ്റകൃത്യം ചെയ്തത്. ദൗത്യം പൂര്‍ത്തിയാക്കാനായി ആറു മാസമായി ഡിലാന്‍ ഒരുക്കങ്ങള്‍ നടത്തിവരികയായിരുന്നെന്ന് കൂട്ടുകാരന്‍ വെളിപ്പെടുത്തി.
ഇയാള്‍ ലഹരി മരുന്നുപയോഗിച്ചിരുന്നതായും പിറന്നാള്‍ സമ്മാനമായി പിതാവ് നല്‍കിയതാണ് വെടിവയ്ക്കാനുപയോഗിച്ച തോക്കെന്നും റിപ്പോര്‍ട്ടുകളുണ്ട്. മദര്‍ ഇമ്മാനുവല്‍ ആഫ്രിക്കന്‍ മെതേഡിസ്റ്റ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ ബുധനാഴ്ച രാത്രി നടത്തിയ വെടിവയ്പ്പില്‍ ആറു സ്ത്രീകളും മൂന്ന് പുരുഷന്മാരുമടക്കം ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ പാസ്റ്ററും ഉള്‍പ്പെടുന്നു.