വിമാനത്തിന്‍റെ ചക്രങ്ങളുടെ അറയിലിരുന്ന് യാത്ര..ഒരാള്‍ മരിച്ചു

ലണ്ടന്‍: എയര്‍പോര്‍ട്ട് അധികൃതരെ കബളിപ്പിച്ച് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നിന്ന് ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന്റെ ചക്രങ്ങളുടെ അറയിലിരുന്ന് രണ്ടു പേര്‍ യാത്ര ചെയ്തു. ഒരാളുടെ മൃതദേഹം പശ്ചിമ ലണ്ടനിലെ റിച്മണ്ടിലുള്ള വ്യാപാര സ്ഥാപനത്തിന്റെ മുകളില്‍ കണ്ടെത്തി.

ലാന്‍ഡിംഗിനായി അറയില്‍ നിന്ന് ചക്രങ്ങള്‍ താഴേക്ക് നീങ്ങിയതോടെയാണ് ഇയാള്‍ താഴേക്ക് വീണതെന്ന് സംശയിക്കുന്നു. ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഹീത്രൂ വിമാനത്താവളത്തിലെത്തിയ മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബുധനാഴ്ച വൈകിട്ടോടെ കയറിയ ഇവര്‍ ചക്രങ്ങള്‍ക്കിടയിലിരുന്ന് 12,875 കിലോമീറ്ററോളമാണ് 11 മണിക്കൂര്‍ കൊണ്ട് പിന്നിട്ടത്. ആശുപത്രയില്‍ കഴിയുന്നയാള്‍ക്ക് 24 വയസ് പ്രായമുണ്ടെന്നും എങ്ങനെ വിമാനത്തില്‍ കയറിപ്പറ്റിയെന്നത് വ്യക്തമല്ലെന്നും മെട്രോപൊളിറ്റന്‍ പൊലീസ് വ്യക്തമാക്കി. ഇയാള്‍ അബോധാവസ്ഥയിലാണ്.

35000 അടി ഉയരത്തില്‍ വരെ വിമാനം പറന്നതായി അധികൃതര്‍ വ്യക്തമാക്കി. ഉയരത്തില്‍ പറക്കുമ്പോള്‍ ഓക്‌സിജന്റെ അളവ് കുറയുന്നതിനാലും മൈനസ് 60 ഡിഗ്രി വരെ തണുപ്പനുഭവപ്പെടുന്നതിനാലും ജീവനോടെ എത്തിയത് അവിശ്വസനീയമാണെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: