കുട്ടികള്‍ക്കുവേണ്ടി ജോലി ഉപേക്ഷിച്ച സ്ത്രീകളെ തിരികെ ജോലിയിലേക്ക് കൊണ്ടുവരാന്‍ കര്‍മ്മപദ്ധതി

ഡബ്ലിന്‍: ജോലി ഉപേക്ഷിച്ച് വീട്ടിലിരിക്കുന്ന അമ്മമാരായ സ്ത്രീകളെ ജോലിയിലേക്ക് തിരികെയെത്തിക്കാന്‍ പ്രേരിപ്പിക്കുന്ന പദ്ധതികളുമായി ധനമന്ത്രി മൈക്കിള്‍ നൂനന്‍. ജോലിക്കാരുടെ എണ്ണത്തിലുളള കുറവും തൊഴിലില്ലയ്മ നിരക്ക് സ്ഥിരമായി താഴുന്നതും രാജ്യത്ത് തൊഴിലാളി ക്ഷാമം സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട്. ഈ സൗഹചര്യത്തിലാണ് പ്രസവം, കുട്ടികളുടെ പരിചരണം എന്നിവ മൂലം ജോലി ഉപേക്ഷിച്ച സ്ത്രീകളെ തിരികെ ജോലിയിലേക്ക് കൊണ്ടു വരുന്നതിന് പ്രോത്സാഹനം നല്‍കുന്ന പദ്ധതികളുമായി ഭരണകക്ഷി മുന്നോട്ടിറങ്ങുന്നത്.

സാമ്പത്തിക രംഗം തുടര്‍ച്ചയായ വളര്‍ച്ചയുടെ പടവുകളിലേക്ക് കയറുന്ന സാഹചര്യത്തില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. എന്നാല്‍ ആവശ്യത്തിന് തൊഴിലാളികളില്ലാത്തത് വളര്‍ച്ചയെ പ്രതീകൂലമായി ബാധിക്കുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഭരണകക്ഷിയുടെ അവസാന ബജറ്റിന് നാലുമാസം മാത്രം ശേഷിക്കേ രാജ്യത്തെ ചില പ്രധാനപ്പെട്ട ഇന്‍ഡസ്ട്രികള്‍ ഉടന്‍ തന്നെ എല്ലാവര്‍ക്കും തൊഴില്‍ കൈവരിക്കുമെന്ന് മന്ത്രി പറഞ്ഞു.

‘നമ്മള്‍ എല്ലാവര്‍ക്കും തൊഴില്‍ എന്ന ലക്ഷ്യത്തോടടുക്കുകയാണ്. പ്രത്യേകിച്ചും ചില മേഖലകളില്‍ ഉടന്‍തന്നെ എല്ലാവര്‍ക്കും തൊഴില്‍ ലഭ്യമാകും. അതുകൊണ്ട് നമുക്ക് നമ്മുടെ കാര്യശേഷി വികസിപ്പിക്കേണ്ടതുണ്ട്.’ അതിനുള്ള സമീപനമാണ് ധനമന്ത്രി സ്വീകരിക്കുന്നതെന്ന് ധനകാര്യമന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് അയര്‍ലന്‍ഡില്‍ നിന്നും തൊഴില്‍ തേടി വിദേശരാജ്യങ്ങളിലേക്ക് കുടിയേറിയവരെയും 10, 12 വര്‍ഷമായി ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരെയും തിരികെ ജോലിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. 40 ന്റെ ആരംഭത്തിലോ മധ്യത്തിലോ ഉള്ള സ്ത്രീകളെയും അല്ലെങ്കില്‍ കുഞ്ഞുങ്ങളെ വളര്‍ത്താനായി 10 വര്‍ഷത്തോളം ജോലി ഉപേക്ഷിച്ച സ്ത്രീകളെയും ജോലിയിലേക്ക് തിരികെ കൊണ്ടു വരാനും അവരുടെ കഴിവിനെ പ്രയോജനപ്പെടുത്താനുമാണ് ശ്രമിക്കുന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വരും മാസങ്ങളില്‍ ഇതിനുള്ള പദ്ധതികള്‍ നടപ്പാക്കും. ഫിനാന്‍സ് സര്‍വ്വീസ്, ടെക്‌നോളജി, സയന്‍സ് സെക്ടര്‍ എന്നീ മേഖലകളില്‍ നിന്ന് കുട്ടികള്‍ക്കുവേണ്ടി ജോലി ഉപേക്ഷിച്ച സ്ത്രീകളുടെ കഴിവിനെ വീണ്ടും വികസിപ്പിച്ച് അവരെ ജോലിയിലേക്ക് തിരികെയെത്തിക്കുമ്പോഴേ എല്ലാവര്‍ക്കും തൊഴില്‍ എന്ന ലക്ഷ്യത്തിലെത്താനാകൂ. ഇതിന്റെ ഭാഗമായി ജോലിക്കാരായ കുടുംബങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന ചൈല്‍ഡ് കെയര്‍ ചെലവ് കുറയ്ക്കാനുള്ള നടപടിക്രമങ്ങളും ഇന്‍സെന്റീവുകള്‍ നല്‍കി സ്ത്രീകളെ ജോലിയിലേക്ക് തിരികെ വരാന്‍ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളും നടപ്പാക്കും.

സിഎസ്ഒ പുറത്തുവിട്ട പുതിയ കണക്കുളനുസരിച്ച് 77,000 സ്ത്രീകളാണ് ഫുള്‍ ടൈം അല്ലെങ്കില്‍ പാര്‍ട്ട് ടൈം ജോലി അന്വേഷിക്കുന്നത്. 4,64,000 സ്ത്രീകള്‍ ജോലി രേഖപ്പെടുത്താനുള്ള കോളത്തില്‍ ‘home duties’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കുട്ടികളുടെ ജനനത്തിന് ശേഷം സ്ത്രീകളെ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ പ്രേരിപ്പിക്കുന്ന പദ്ധതികള്‍ ഊര്‍ജ്ജിതമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: