തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രവാസി പുനരധിവാസ പദ്ധതികളോട് ബാങ്കുകള്‍ വിമുഖത കാണിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. രണ്ട് ബാങ്കുകള്‍ മാത്രമാണ് പദ്ധതിയോട് സഹകരിക്കാന്‍ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. ബാങ്കുകളുടെ ഈ നിലപാട് ശരിയല്ല.
പ്രവാസി പുനരധിവാസ പദ്ധതികള്‍ക്കു ബാങ്കുകളുടെ സഹകരണം കൂടിയേ തീരു എന്നും മുഖ്യമന്ത്രി പറഞ്ഞു. ബാങ്കുകളുടെ സംസ്ഥാനതല അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ വായ്പയുടെ കാര്യത്തിലും ഭവന വായ്പയുടെ കാര്യത്തിലും ബാങ്കുകള്‍ ഉദാരസമീപനം സ്വീകരിക്കണം. എല്ലാവര്ക്കും വീട് എന്ന സര്‍ക്കാരിന്റെ ആശയത്തോടെ ബാങ്കുകള്‍ സഹകരിക്കണം. വിദ്യാഭ്യാസ വായ്പ എടുത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥി ഏതെങ്കിലും സാഹചര്യത്തില്‍ മരണപ്പെടുകയാണൈങ്കില് വായ്പ തുക കുടുംബത്തിന് ഇളവ് ചെയ്തു നല്കുന്ന കാര്യം പരിഗണിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ വായ്പകള്‍ക്ക് ഏകീകൃത സ്വഭാവം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തില്‍ ധനമന്ത്രി കെ.എം. മാണി, പ്രവാസി വകുപ്പിന്റെ ചുമതലയുള്ള മന്ത്രി കെ.സി.ജോസഫ്, വിവിധ ബാങ്കുകളുടെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.