അഫ്ഗാനിസ്ഥാന്‍ പാര്‍ലമെന്റിനു നേരെ താലിബാന്‍ ഭീകരരുടെ ആക്രമണം

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ പാര്‍ലമെന്റിനു നേരെ താലിബാന്‍ ഭീകരരുടെ ആക്രമണം. പടിഞ്ഞാറന്‍ കാബൂളില്‍ സ്ഥിതി ചെയ്യുന്ന പാര്‍ലമെന്റില്‍ അംഗങ്ങള്‍ യോഗം ചേരുന്നതിനിടെയാണ് അത്യാധുനിക ആയുധങ്ങളും ഉഗ്രസ്‌ഫോടക വസ്തുക്കളുമായി തീവ്രവാദികള്‍ ആക്രമണം അഴിച്ചു വിട്ടത്. ആക്രമണത്തില്‍ ആളപായം ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടില്ല. വെടിവയ്പും സ്‌ഫോടന ശബ്ദവും അറിഞ്ഞ് സുരക്ഷാസേന പാഞ്ഞെത്തി തീവ്രവാദികളെ നേരിട്ടു. തുടര്‍ന്ന് രൂക്ഷമായ ഏറ്റുമുട്ടലാണ് നടന്നത്.

കൂടുതല്‍ സുരക്ഷാ സേന സ്ഥലത്ത് എത്തിയിട്ടുണ്ട്. പാര്‍ലമെന്റിനുള്ളില്‍ കുടുങ്ങിയ എം.പിമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ സൈന്യം കിണഞ്ഞു ശ്രമിക്കുകയാണ്. തീവ്രവാദികള്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് നുഴഞ്ഞു കയറിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് മന്ദിരത്തില്‍ നിന്ന പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തു. ഫയര്‍ഫോഴ്‌സും ആംബുലന്‍സുകളും സ്ഥലത്ത് എത്തിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: