ഡബ്ലിനിലെയും കോര്‍ക്കിലെയും മലയാളികള്‍ക്ക് വസ്തു നികുതി വര്‍ധിച്ചേക്കും

ഡബ്ലിന്‍: ഡബ്ലിനിലെയും കോര്‍ക്കിലെയും മലയാളികളടക്കമുള്ളവര്‍ക്ക് വസ്തു നികുതിയില്‍ കാര്യമായ വര്‍ധനയുണ്ടാകുമെന്നു സൂചന. അപ്പാര്‍ട്ട്‌മെന്റുകളില്‍ താമസിക്കുന്നവരെയാണ് വര്‍ധന കൂടുതല്‍ ബാധിക്കുക. ആദ്യമായി വസ്തു വാങ്ങിയവര്‍, ഡബ്ലിന്‍ പോലുള്ള നഗരപ്രദേശത്തുള്ളവര്‍ക്ക് നികുതിയില്‍ വന്‍ വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. സിഎസ്ഒയുടെയും യൂറോസ്റ്റാറ്റിന്റെ കണക്കുകള്‍ പ്രകാരം വസ്തുവിന്റെ മൂല്യമനുസരിച്ച് ലോക്കല്‍ ടാക്‌സ് നിര്‍ണ്ണയിക്കുന്ന രീതി തുടങ്ങിയ 2013 മെയ് മാസത്തിനു ശേഷം യൂറോപ്പില്‍ ഭവന വിലയില്‍ വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്.

ഡബ്ലിനില്‍ വീടുകളുടെ ഡിമാന്‍ഡ് വര്‍ധിച്ചതിനെ തുടര്‍ന്ന്
2013 മുതല്‍ ശരാശരി 24.5 ശതമാനം വില വര്‍ധനയാണുണ്ടായത്. ഡബ്ലിന്‍ മാറ്റി നിര്‍ത്തിയാല്‍ രാജ്യത്തെ വിലവര്‍ധന 12.7 ശതമാനമാണ്. ഡബ്ലിനില്‍ 40.2 ശതമാനമാണ് ഭവന വില കുതിച്ചത്. അപ്പാര്‍ട്ട്‌മെന്റുകളുടെ വില 48.3 ശതമാനവും വര്‍ധിച്ചു. ഈ വില വര്‍ധനയുടെ സാഹചര്യത്തിലാണ് നികുതിയും വര്‍ധിക്കുന്നത്. പ്രാദേശിക വസ്തു നികുതിയുടെ ഘടന തന്നെ പൊളിച്ചെഴുതേണ്ട സമയായിരിക്കുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. തിരഞ്ഞെടുപ്പിനു മുന്‍പ് ഇതുണ്ടാകുമെന്നാണ് സൂചന. അടുത്തവര്‍ഷം അവസാനത്തോടെ മാത്രമേ പുതിയ വസ്തു നികുതി നിരക്കുകള്‍ വിലയിരുത്തപ്പെടുകയുള്ളൂവെങ്കിലും ഇതു മിക്കവര്‍ക്കും താങ്ങാവുന്നതിലധികമായിരിക്കുമെന്നാണ് കരുതുന്നത്.

ഒന്നോ രണ്ടോ ബെഡ്‌റൂമുകള്‍ ഉള്ള അപാര്‍ട്ട്‌മെന്റ് ആദ്യമായി വാങ്ങുന്ന ഉപഭോക്താക്കള്‍ക്കാകും വസ്തുനികുതി കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുക. 2013 ല്‍ 225,000 യൂറോയായിരുന്ന ഡബ്ലിനിലെ ഒരു അപാര്‍ട്ട്‌മെന്റിന് ഇപ്പോള്‍ 48 ശതമാനം വര്‍ധിച്ച് 333,675 യൂറോയാണ് വില. വസ്തുനികുതി 405 ല്‍ നിന്ന് 585 യൂറോയായി വര്‍ധിക്കുകയും ചെയ്യും.

2013 ല്‍ 425,000 യൂറോ വിലയുള്ള ഡബ്ലിനിലെ ഒരു അപാര്‍ട്ട്‌മെന്റിന് പ്രോപ്പര്‍ട്ടി ടാക്‌സ് 765 യൂറോയായിരുന്നു. എന്നാല്‍ വില 630,275 യൂറോയായി ഉയര്‍ന്ന സാഹചര്യത്തില്‍ അടുത്തവര്‍ഷം 1125 യൂറോ ടാക്‌സ് അടയ്‌ക്കേ്ണ്ടി വരും. ഡബ്ലിനു പുറത്തും നികുതി വര്‍ധിക്കും. നിലവില്‍ 253,575 യൂറോ വിലയുള്ള വസ്തുവിന് 495 യൂറോ നികുതിയായി അടയ്‌ക്കേണ്ടിവരും. അതേസമയം ലോക്കല്‍ അതോറിറ്റി ചെറിയ നികുതിയിളവുകള്‍ പ്രഖ്യാപിക്കും. ലൂത്തില്‍ 1.5 ശതമാനം മുതല്‍ ലിമെറിക്, മയോ, ലോംഗ്‌ഫോര്‍ഡ്, മയോ, വെസ്റ്റ്മീത് എന്നിവിടങ്ങളില്‍ 3 ശതമാനം മുതലും കില്‍ഡെയറില്‍ 7.5 ശതമാനം മുതല്‍, കോര്‍ക്കില്‍ 10 ശതമാനം മുതല്‍, ക്ലെയറില്‍ 15 ശതമാനം മുതലുമാണ് നികുതിയിളവുകള്‍ നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

എജെ

Share this news

Leave a Reply

%d bloggers like this: