ഹോം ഫസ്റ്റ് ആരംഭിച്ചു; ലക്ഷ്യം നഴ്‌സിംഗ് ഹോം വിട്ടു വീടുകളില്‍ താമസിക്കുക

 

ഡബ്ലിന്‍: മുതിര്‍ന്ന പൗരന്മാരെ നഴ്‌സിംഗ് ഹോമുകളില്‍ നിന്ന് സ്വന്തം വീടുകളില്‍ താമസിപ്പിക്കുക എന്ന ലക്ഷ്യവുമായി എലോണ്‍ ചാരിറ്റി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഹോം ഫസ്റ്റ് ക്യാംപെയ്‌ന് തുടക്കമായി. ഐറിഷ് നഴ്‌സിംഗ് ഹോമുകളില്‍ താമസിക്കുന്ന വയോധികരില്‍ മൂന്നിലൊരാള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കിയാല്‍ സ്വന്തം വീടുകളില്‍ താമസിക്കാന്‍ കഴിയുമെന്ന് സംഘടന പറയുന്നു. വയോധികരുടെ സംരക്ഷണത്തിനാവശ്യമായ ഫണ്ടിംഗിന് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ കഴിയണമെന്നും സംഘടന ആവശ്യപ്പെടുന്നു.

അയര്‍ലണ്ടില്‍ നഴ്‌സിംഗ് ഹോമുകളില്‍ കഴിയുന്നവരുടെ എണ്ണം യൂറോപ്യന്‍ യൂണിയന്‍ ശരാശരിയേക്കാള്‍ 35 ശതമാനം അധികമാണ്. നഴ്‌സിംഗ് ഹോമുകളില്‍ കഴിയുന്ന കാലാവധി യുകെയെ അപേക്ഷിച്ച് 1.6 വര്‍ഷം അധികവുമാണ്. രാജ്യത്തെ നഴ്‌സിംഗ് ഹോം റസിഡന്റ്‌സുകളുടെ എണ്ണത്തിന് ആനുപാതികമല്ലാതെ ഹോം ഹെല്‍പ്പ്, ഹൗസിംഗ് അഡോപ്ഷന്‍ ഗ്രാന്റ് തുടങ്ങിയ ധനസഹായങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിനെയും സംഘടന വിമര്‍ശിക്കുന്നു. നഴ്‌സിംഗ് ഹോം കെയറിന് നല്‍കുന്ന എച്ച്എസ്ഇയുടെ ഫെയര്‍ ഡീല്‍ സ്‌കീമില്‍ നിന്ന് ഒരു വിഹിതം വീടുകളില്‍ താമസിക്കാന്‍ കഴിയുന്ന മുതിര്‍ന്ന പൗരന്മാരെ സഹായിക്കുന്നതിനായി മാറ്റിവെക്കണമെന്ന് എലോണ്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.

നഴ്‌സിംഗ് ഹോമുകളെ അവസാന മാര്‍ഗമെന്ന നിലയില്‍ മാത്രമേ സമീപിക്കാവൂ എന്ന് എലോണ്‍ സിഇഒ സീന്‍ മോനിഹന്‍ അഭിപ്രായപ്പെടുന്നു. വളരെ നേരത്തേ തന്നെ മുതിര്‍ന്ന പൗരന്മാരെ നഴ്‌സിംഗ് ഹോമുകളിലേക്ക് തള്ളി വിടുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. എന്നാല്‍ അധിക പിന്തുണ ആവശ്യമുള്ളവരെ പരിഗണിക്കാതെയും പോകുന്നു. മുതിര്‍ന്ന പൗരന്മാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീടുകളില്‍ താമസിക്കാന്‍ കഴിയുന്നവര്‍ക്ക് അധിക പിന്തുണ നല്‍കാന്‍ കഴിയുന്ന വിധത്തില്‍ സര്‍ക്കാര്‍ നയങ്ങള്‍ മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2026 ഓടെ അയര്‍ലണ്ടില്‍ ജനസംഖ്യയുടെ 16 ശതമാനം 65 വയസിനു മുകളിലുള്ളവരാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: