ന്യൂയോര്‍ക്ക്: ടൈറ്റാനിക് സിനിമയുടെ സംഗീത സംവിധായകന് ജെയിംസ് ഹോനര്‍ വിമാനാപകടത്തില്‍ മരിച്ചു. അമേരിക്കയിലെ സാന്റ ബാര്‍ബറയില്‍ ഹോനര്‍ പറത്തിയ ചെറുവിമാനം തകര്‍ന്നുവീഴുകയായിരുന്നു. അപകടസമയത്ത് ഹോനര്‍ തന്നെയായിരുന്നു വിമാനം പറത്തിയിരുന്നത്. ടൈറ്റാനികിലെ സംഗീതത്തിന് 1997ല്‍ രണ്ട് ഓസ്കര് പുരസ്കാരങ്ങള്‍ നേടിയ ഹോനര്‍, 11 നോമിനേഷനുകളും സ്വന്തമാക്കിയിട്ടുണ്ട്.
ബ്രേവ് ഹാര്‍ട്ട്, എ ബ്യൂട്ടിഫുള്‍ മൈന്‍ഡ്, ട്രോയ്, അവതാര്‍ തുങ്ങിയ ചിത്രങ്ങളുടെയും സംഗീത സംവിധാനം നിര്‍വഹിച്ചത് ജെയിംസ് ഹോനറാണ്. 1953ല്‍ ലോസ്ഏയ്ഞ്ചല്സിലാണ് ഹോനറുടെ ജനനം. ഹോനറുടെ പിതാവ് സിനിമയില്‍ സെറ്റ് ഡിസൈനറും കലാ സംവിധായകനമായിരുന്നു. 1979ല്‍ റിലീസ് ചെയ്ത ലേഡി ഇന്‍ റെഡ് എന്ന ചിത്രത്തിന് സംഗീതമൊരുക്കിയാണ് ഹോനര്‍ സിനിമയില്‍ അരങ്ങേറിയത്. എന്നാല്‍ 1982ല്‍ സ്റ്റാര്‍ ട്രക്ക് ത്രീക്ക് സംഗീതം നല്‍കിയതിലൂടെയാണ് ഹോനര്‍ ശ്രദ്ധേയനായത്. 48 ഹവേഴ്സ്, സ്റ്റാര്‍ ട്രക്ക് കകക, ദ് സേര്‍ച്ച് ഫോര്‍ സ്പോക്, കമാന്‍ഡോ, ഏലിയന്‍സ്, ഗ്ലോറി, ഫീല്‍ഡ് ഓഫ് ഡ്രീംസ്, തുടങ്ങിയ ചിത്രങ്ങളിലൂടെ ഹോനര്‍ എണ്‍പതുകളില്‍ പ്രശസ്തിയുടെ പടവുകള്‍ കയറി.
1986ല്‍ ഏലിയന്‍സിന്റെ സംഗീത സംവിധാനത്തിനാണ് ഹോനറിന് ആദ്യമായി ഓസ്കര് നോമിനേഷന് ലഭിക്കുന്നത്. 1996ല്‍ ബ്രേവ് ഹാര്‍ട്ടിലെ സംഗീത സംവിധാനത്തിന് ഹോനറെ തേടി ഓസ്കര് നോമിനേഷന് പുറമെ പുറമെ ഗോള്‍ഡന്‍ ഗ്ലോബ്, ബാഫ്റ്റ പുരസ്കാരങ്ങളെത്തി. 1998ല്‍ ടൈറ്റാനിക്കിലെ സംഗീതസംവിധാനത്തിന് ഹോനറെത്തേടി രണ്ട് ഓസ്കര് പുരസ്കാരവും ഗോള്‍ഡന്‍ ഗ്ലോബ്, ഗ്രാമി പുരസ്കാരങ്ങളുമെത്തി. ടൈറ്റാനിക്കിന്റെ സംഗീത സംവിധാനത്തിനും തീം സോംഗിനുമായിരുന്നു ഹോനറിന് രണ്ട് ഓസ്കര് ലഭിച്ചത്. ടൈറ്റാനിക്കിലെ ‘മൈ ഹേര്‍ട്ട് വില്‍ ഗോ ഓണ്‍’ എന്ന ഗാനം ലോകമെങ്ങമുള്ള കോടിക്കണക്കിനാരാധകരാണ് ഏറ്റുപാടിയത്. 2009ല്‍ ജെയിംസ് കാമറൂണിന്റെ വിഖ്യാത ചിത്രം അവതാറിനും സംഗീതം നല്‍കിയത് ഹോനറായിരുന്നു. 35 വര്‍ഷം നീണ്ട കരിയറില്‍ നൂറിലേറെ ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട് ഹോനര്‍.