‘മാണി കോഴ ആവശ്യപ്പെടുന്ന ശബ്ദരേഖ ബാറുടമകളുടെ പക്കലുണ്ട്’ ബാര്‍ കോഴക്കേസില്‍ വെളിപ്പെടുത്തലുമായി എസ്പി സുകേശന്‍

 
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെഎം മാണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന വെളിപ്പെടുത്തലുമായി അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി സുകേശന്റെ വെളിപ്പെടുത്തല്‍. കോഴ ആവശ്യപ്പെടുന്നത് സ്ഥിരീകരിക്കുന്ന മാണിയുടെ തന്നെ ടെലിഫോണ്‍ ശബ്ദരേഖ ബാര്‍ ഉടമകളുടെ പക്കലുണ്ടെന്ന് എസ്പി പറയുന്നു. പീപ്പിള്‍ ടിവിയുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് എസ്പി സുകേശന്റെ വെളിപ്പെടുത്തല്‍. കേസ് അന്വേഷണത്തിലെ സമ്മര്‍ദ്ദം കാരണം ആത്മഹത്യെ കുറിച്ച് പോലും ചിന്തിച്ചതായും അദ്ദേഹം പറഞ്ഞു.

മാണി സംസാരിച്ചതിന്റെ ശബ്ദരേഖ അദ്ദേഹത്തെ അനുകൂലിക്കുന്ന ബാറുടമകളുടെ പക്കലുണ്ട്. ബിജു രമേശിന്റെ പക്കലല്ല ശബ്ദരേഖയുള്ളത്. എന്നാല്‍, ഇവ പിടിച്ചെടുക്കാന്‍ വിജിലന്‍സിനായിട്ടില്ല. മൊഴി നല്‍കിയതിന് ശേഷം മാണി വിളിച്ചതും കേരള കോണ്‍ഗ്രസുകാര്‍ വിളിച്ചതും ബാര്‍ ഉടമകളുടെ പക്കലുണ്ട്. റെക്കോര്‍ഡ് ചെയ്യുന്നുണ്ടോ എന്നും ചോദിച്ചതായും എസ്പി സുകേശന്‍ പറയുന്നു.

ബാര്‍ കോഴക്കേസിലെ സമ്മര്‍ദ്ദം കാരണം ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നെന്നും അത്രയ്ക്ക് വിഷമമുണ്ടാക്കുന്ന സന്ദര്‍ഭങ്ങള്‍ കേസുമായി ബന്ധപ്പെട്ടുണ്ടായതായും സുകേശന്‍ പറയുന്നു. ആറുമാസമായി തനിക്ക് ഊണും ഉറക്കവും നഷ്ടപ്പെട്ടിരിക്കുകയാണെന്നും എസ്പി വെളിപ്പെടുത്തുന്നു.

അതേസമയം, ശബ്ദരേഖ ബാര്‍ ഉടമയായ ധനേഷിന്റെ പക്കലാണെന്ന് ബിജു രമേശ് പറഞ്ഞു. സമ്മര്‍ദ്ദം ഉള്ളതു കൊണ്ടാണ് ധനേഷ് ശബ്ദരേഖ പുറത്തുവിടാത്തത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കോണ്‍ഗ്രസ് നേതാക്കള്‍ വന്നു കണ്ടിരുന്നെന്നും ബിജു രമേശ് പറഞ്ഞു.

വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മാണിയെ അറസ്റ്റ് ചെയ്യണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. അന്വേഷണം അട്ടിമറിക്കാന്‍ മാണി ശ്രമിച്ചതിന്റെ തെളിവാണിത്. കേസില്‍ സ്വതന്ത്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ അനുവദിക്കുന്നില്ല. മാണിക്കെതിരെയുള്ള വിധിയെഴുത്താകും അരുവിക്കരയിലേതെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍കോഴക്കേസില്‍ ധനമന്ത്രി കെഎം മാണിക്കെതിരെ കുറ്റപത്രം നല്‍കാന്‍ മതിയായ തെളിവുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ആര്‍ സുകേശന്റെ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ടര്‍ ടിവി നേരത്തെ പുറത്തുവിട്ടിരുന്നു. മാണിക്കെതിരെ 60 ശതമാനം തെളിവുകളുണ്ടെന്നും വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ അഗസറ്റിന് മാണിക്ക് അനുകൂലമായി നിയമോപദേശം നല്‍കിയത് പള്ളി വികാരിമാര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടാണെന്നും ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ സുകേശന്‍ പറയുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: