കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുടെ ഭീഷണി പരാമര്‍ശം വിവാദമാകുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്സിനെ വെല്ലുവിളിക്കുന്നവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്നും കൈകള്‍ വെട്ടിമാറ്റുമെന്നാണ് അഭിഷേകിന്റെ വിവാദ പരാമര്‍ശം.
‘വെല്ലുവിളിച്ചാല്‍ കണ്ണുകള്‍ ചൂഴ്ന്ന് തെരുവിലേക്ക് വലിച്ചെറിയും. കൈ ചൂണ്ടിയാല്‍ ആ കൈകള്‍ വെട്ടും. ജനാധിപത്യത്തില്‍ സാധാരണക്കാരന്റേതാണ് അവസാന വാക്ക്’ ബസിര്‍ഹട്ടില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് യുവജന വിഭാഗം നേതാവ് കൂടിയായ അഭിഷേക്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ഏറ്റുമുട്ടാന്‍ കരുത്തുള്ള ഏകപാര്‍ട്ടി തൃണമൂല്‍ കോണ്‍ഗ്രസ് മാത്രമാണ്. മറ്റു പാര്‍ട്ടികള്‍ മോഡിയുടെ കാല്‍ക്കല്‍ വീഴുന്നവരാണ്. എന്നാല്‍ തൃണമൂല്‍ അതൊരിക്കലും ചെയ്തിട്ടില്ലെന്നും അഭിഷേക് പറഞ്ഞു.
അഭിഷേകിന്റെ വിവാദ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. തൃണമൂലിന്റെ ഡിഎന്‍എയുടെ പ്രതിഫലനമാണ് അഭിഷേകിന്റെ പ്രതികരണമെന്ന് ബിജെപി ദേശീയ സെക്രട്ടറി സിദ്ധാര്‍ത്ഥ് നാഥ് സിംഗ് പറഞ്ഞു. തൃണമൂല്‍ നേതാക്കളില്‍ നിന്ന് ഇത്തരം പ്രതികരണങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
തൃണമൂല്‍ നേതാക്കളുടെ മാനസിക നിലയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് സിപിഐ(എം) നേതാവ് സുജന്‍ ചക്രബര്‍ത്തി പ്രതികരിച്ചു. അഭിഷേകിന്റെ പരാമര്‍ശം ആശ്ചര്യപ്പെടുത്തുന്നില്ല. അതാണ് അവരുടെ പ്രത്യയശാസ്ത്രവും മാനസികനിലയും. നിരവധി തൃണമൂല്‍ നേതാക്കള്‍ സമാന പരാമര്‍ശം ഇതിനുമുമ്പും നടത്തിയിട്ടുണ്ടെന്നും ചക്രബര്‍ത്തി പറഞ്ഞു.
-എജെ-