ഡബ്ലിന്‍: സ്ലിഗോയിലെ ഭിന്നശേഷിയുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ദീര്‍ഘകാലമായി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും HSE നഴ്‌സ് മാനേജര്‍ക്കും ഗാര്‍ഡ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ലെന്ന് റിപ്പോര്‍ട്ട്. ജിവക്കാരുെട അഭാവവും സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു. 2015 ന്റെ ആദ്യ മാസങ്ങളില്‍ ഭിന്നശേഷിയുള്ള 12 പേര്‍ താമസിക്കുന്ന സ്ലിഗോ യൂണിറ്റില്‍ ഇവരെ പരിചരിക്കുന്നതിന് വീക്കെന്‍ഡില്‍ രണ്ട് ജീവനക്കാര്‍ മാത്രമാണുള്ളത്. അയര്‍ലന്‍ഡിലെ പ്രതിനിധീകരിച്ച് ലോക സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ സ്ലിഗോ യുണിറ്റില്‍ നിന്ന് നിരവധി പേര്‍ പങ്കെടുക്കുകയും അതില്‍ ചിലര്‍ സ്വര്‍ണമെഡല്‍ നേടുകയും ചെയ്തതാണ്. ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടീവിന്റെ നിയന്ത്രണത്തില്‍ ക്രെഗ് സര്‍വ്വീസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സെന്ററാണിത്. ഇവിടെ ഹിക്വ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
ഹിക്വ (Health Information and Quality Authority) നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ചൊവ്വാഴ്ച ഓണ്‍ലെനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അധിക ഫണ്ടനുവദിക്കാതെ 2013 ല്‍ ക്രെഗ് ഹൗസില്‍ നിന്ന് എച്ച്എസ്ഇ ഈ സ്ഥാപനം ഏറ്റെടുക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. 18 പേജുള്ള റിപ്പോര്‍ട്ടില്‍ ഫയര്‍ ഡോറുകള്‍ സ്വയം അടയുന്നതല്ലെന്നും താഴത്തെ നിലയിലുള്ള രോഗികള്‍ക്ക് എന്തെങ്കിലും ആവശ്യമുണ്ടായാല്‍ വിളിക്കാന്‍ പാനിക് അലാം സിസ്റ്റം ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു .ഇതിലെല്ലാമുപരിയായി ആവശ്യത്തിന് ഗാര്‍ഡ ക്ലിയറന്‍സും സ്ഥാപനത്തിനില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
റിസ്‌ക് മാനേജ്‌മെന്റ് സംവിധാനവും സോഷ്യല്‍ ആക്ടിവീറ്റീസും കാര്യക്ഷമമല്ല. ജീവനക്കാരുടെ അഭാവമാണ് ഇതിനു കാരണം. ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്ന് ഹിക്വ എച്ച്എസ്ഇയെ അറിയിക്കുകയും ചെയ്തു. സ്ലിഗോ യൂണിറ്റിലെ റിസ്‌ക് മാനേജ്‌മെന്റ് നയം എച്ച്എസ്ഇ യുടെ ദേശീയ നയത്തിന്റെ ഭാഗം മാത്രമാണ്. ഇത് ആസൂത്രിതമല്ലെന്നും ക്രെഗ് സര്‍വ്വീസിലെ ദിവസേനയുള്ള ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് കൃത്യമായ റിസ്‌ക് മാനേജ്‌മെന്റ് സംവിധാനം നടപ്പാകുന്നില്ലെന്നും ഹിക്വ വ്യക്തമാക്കുന്നു. എന്നാല്‍ താമസക്കാരോടുള്ള ജീവനക്കാരുടെ ഇടപെടല്‍ മികച്ചതാണെന്ന് ഹിക്വ അഭിപ്രായപ്പെട്ടു. ഭിന്നശേഷിയുള്ളവരുടെ കഴിവുകളും കുറവുകളും തിരച്ചറിയുന്ന ഇവര്‍ മികച്ച സേവനമാണ് കാഴ്ചവെയ്ക്കുന്നത്. എന്നാല്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് ഹിക്വ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
-എജെ-