തെലങ്കാന: ആശുപത്രി ബില്ല് ഈടാക്കാന്‍ തെലങ്കാനയിലെ ആശുപത്രി അധികൃതര്‍ നവജാതശിശുവിനെ വിറ്റു. കുട്ടികളില്ലാത്ത ഛത്തീസ്ഗഡ് ദമ്പതികള്‍ക്കാണ് കുഞ്ഞിനെ വിറ്റത്.
പ്രസവശേഷം ബില്‍ അടക്കാന്‍ സാധിക്കാത്തതിനാല്‍ കുഞ്ഞിനെ അധികൃതരെ ഏല്‍പ്പിച്ച് അമ്മ മടങ്ങുകയായിരുന്നു. ബില്ലടക്കാനുള്ള പണമുണ്ടാക്കാനാണ് കുഞ്ഞിന്റെ അമ്മ ആശുപത്രി വിട്ടത്. ജൂണ്‍ 16ന് ബില്ലടക്കാന്‍ 25,000 രൂപയുമായി എത്തിയ അമ്മ കുഞ്ഞിനെ തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും അപ്പോഴേക്കും ആശുപത്രി അധികൃതര്‍ കുഞ്ഞിനെ വിറ്റിരുന്നു. ഇതേതുടര്‍ന്ന് കുഞ്ഞിനെ വിട്ടുനല്‍കിയാല്‍ മാത്രമേ ആശുപത്രി പരിസരം വിട്ടുപോകൂ എന്നറിയിച്ച് മാതാപിതാക്കള്‍ പ്രതിഷേധം ആരംഭിച്ചു.
ഇതിനിടെ പൊലീസും വനിതാശിശുക്ഷേമ അധികൃതരും സംഭവത്തില്‍ ഇടപ്പെട്ടു. ആശുപത്രി അധികൃതര്‍ വിറ്റ കുഞ്ഞിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുത്തതായി വിവരമില്ല.
ആശുപത്രി ജീവനക്കാരന്‍ ഇടനിലനിന്നാണ് 12,000 രൂപയ്ക്ക് കുഞ്ഞിനെ കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്ക് വിറ്റത്. കുട്ടിയെ വാങ്ങാന്‍ അമ്മ തിരികെ വരില്ല എന്നുകരുതിയാണ് വില്‍പ്പന നടത്തിയതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
-എജെ-