തിരുവനന്തപുരം: പ്രതിപക്ഷനേതാവ് സ്ഥാനത്ത് വി.എസ്. അച്ചുതാനന്ദന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്നും ഇക്കാര്യം അദ്ദേഹത്തിനും അറിയാമെന്നും കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. തിരുവനന്തപുരത്ത് മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.എസിന്റെ പദപ്രയോഗങ്ങള്‍ നിലവാരത്തകര്‍ച്ചയുടെ പ്രതിഫലനമാണ്. അദ്ദേഹത്തിന്റെ അവസ്ഥ ഒരു നേതാവിനും ഉണ്ടാകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. ആവശ്യം വരുമ്പോഴൊക്കെ സിപിഎം വി.എസിനെ ഉപയോഗിക്കുകയാണെന്നും വി.എസും ചില ലക്ഷ്യങ്ങള്‍ വച്ചാണു മുന്നോട്ട് പോകുന്നതെന്നും സുധീരന്‍ പറഞ്ഞു.
സിപിഎമ്മിന്റെ അക്രമരാഷ്ട്രീയവും കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ ഭരണവും സംസ്ഥാന സര്‍ക്കാരിന്റെ ഭരണവും വിലയിരുത്തുന്ന തെരഞ്ഞെടുപ്പാവും അരുവിക്കരയിലേത്. ചരിത്രപരമായ മദ്യനയമാണു യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇതിനു ജനങ്ങളുടെ മികച്ച പിന്തുണ ലഭിച്ചുവെന്നും ഹൈക്കോടതിയും മദ്യനയം അംഗീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാര്‍ പൂട്ടിയതിനെത്തുടര്‍ന്നു കനത്ത നഷ്ടമുണ്ടായവരാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ആരെങ്കിലും പറയുന്നത് കേട്ട് അതിന്റെ പിന്നാലെ പോകാന്‍ താന്‍ സിപിഎമ്മോ വി.എസോ അല്ല. സോളാര്‍ തട്ടിപ്പു കേസ് സംബന്ധിച്ച് തെളുവുകള്‍ കൈവശമുള്ളവര്‍ ജുഡീഷന്‍ കമ്മീഷനു നല്കാന്‍ തയാറാകണം. അഴിമതിക്കെതിരേ ശക്തമായ നിലപാടാണു യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ശബരീനാഥന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് കെപിസിസിയുടെ നിഗമനം. കെപിസിസി ഒരു ചാനലിനെയും ബഹിഷ്‌കരിച്ചിട്ടില്ലെന്നും ഇതു സംബന്ധിച്ച ആക്ഷേപങ്ങള്‍ തെറ്റാണെന്നും വി.എം. സുധീരന്‍ പറഞ്ഞു.
-എജെ-