ലിംഗാഗ്ര ചര്‍മ്മം നീക്കം ചെയ്യാവുന്ന ഉപകരണത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

വാഷിംങ്ടണ്‍: വേദനയും അധിക രക്തസ്രാവവും കൂടാതെ പുരുഷന്മാര്‍ക്ക് ലിംഗാഗ്ര ചര്‍മ്മം നീക്കം ചെയ്യാവുന്ന ഉപകരണത്തിന് ലോകാരോഗ്യ സംഘടന(ഡബ്‌ള്യൂ.എച്ച്.ഒ)യുടെ അംഗീകാരം. ഷാങ്‌റിംഗ് എന്ന പ്‌ളാസ്റ്റിക് ഉപകരണമാണ് ഡബ്‌ള്യൂ.എച്ച്.ഒയുടെ അംഗീകാരം നേടിയത്. രണ്ട് പ്‌ളാസ്റ്റിക് വളയങ്ങള്‍ സംയോജിച്ചുള്ള ഉപകരണമാണ് ഷാങ്‌റിംഗ്. ശസ്ത്രക്രിയയിലൂടെ അഗ്രചര്‍മ്മത്തിലേക്ക് ഈ വളയങ്ങള്‍ കയറ്റിയാണ് ചര്‍മ്മം ഛേദിക്കുക.

ചര്‍മ്മ നീക്കത്തിനു ശേഷം സാധാരണ പോലുള്ള തുന്നിക്കെട്ടിന്രെ ആവശ്യമില്ലെന്നതാണ് ഷാങ്‌റിംഗിന്രെ പ്രധാന സവിശേഷത. ആവശ്യത്തിനു ശേഷം നശിപ്പിച്ചുകളയാനുമാവും. പഴയ രീതിയ്ക്കു വേണ്ടിവരുന്നതിലും പകുതി സമയം കൊണ്ട് ‘സുന്നത്ത്’ സാധ്യമാക്കാമെന്നതാണ് ഷാങ്‌റിംഗിന്രെ മറ്റൊരു നേട്ടം.

ഇതാദ്യമായാണ് പ്രായപൂര്‍ത്തിയായവരിലും കൗമാരക്കാരിലും അഗ്രചര്‍മ്മം നീക്കുന്നതിന് പ്രയോഗിക്കാനാവുന്ന ഉപകരണം ഡബ്‌ള്യൂ.എച്ച്.ഒയുടെ അംഗീകാരം നേടുന്നത്. യോനീ ബന്ധം വഴിയുള്ള എച്ച്.ഐ.വി ബാധ അറുപത് ശതമാനംവരെ തടയാന്‍ ‘സുന്നത്ത്’ പ്രകൃയയിലൂടെ സാധിക്കുമെന്ന് ശാസ്ത്രീയ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ട സാഹചര്യത്തില്‍ ഷാങ്‌റിംഗിന്രെ കണ്ടുപിടിത്തം ആരോഗ്യ മേഖലയില്‍ സുപ്രധാന നാഴികക്കല്ലാവുമെന്നാണ് ഉപകരണം കണ്ടുപിടിച്ച ഷാങ് ജിയാങ് സോങ് പറയുന്നത്.

എച്ച്.ഐ.വി വ്യാപനം വളരെ കുറഞ്ഞ ചെലവില്‍ തടയാനും എയ്ഡ്‌സ് മുക്ത തലമുറയെ സൃഷ്ടിക്കാനുള്ള അന്താരാഷ്ട്ര പരിശ്രമങ്ങള്‍ക്കും ഷാങ്‌റിംഗ് മുതല്‍ക്കൂട്ടാവുമെന്നും ചൈനയിലെ വുഹി സ്‌നഡാ മെഡിക്കല്‍ ട്രീററ്‌മെന്ര് അപ്‌ളിയന്‍സ് ടെക്‌നോളജി ചെയര്‍മാന്‍ കൂടിയായ ഷാങ് ജിയാങ് അവകാശപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: