ഡബ്ലിന്‍: അക്ഷരങ്ങളും മുത്തശ്ശികഥകളും പാട്ടുകളുമായി കുരുന്നുകളെ മലയാളഭാഷയുടെ തിരുമുറ്റത്തേക്ക് ആനയിക്കുവനായി മലയാളം സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തില്‍ പഠന കളരിക്ക് തിരി തെളിയുന്നു. അയര്‍ലന്‍ഡിലെ പ്രവാസിമലയാളികളുടെ കുട്ടികളില്‍ മലയാളഭാഷ പരിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനായി ആരംഭിക്കുന്ന മലയാളഭാഷ പഠന കളരിയുടെ ഔദ്യോഗിക ഉത്ഘാടനം ജൂണ്‍ 28 ഞായറാഴ്ച രാവിലെ 10 ന് ബ്രേയിലെ വില്‍ട്ടന്‍ ഹോട്ടലില്‍ വച്ച് ഓള്‍ അയര്‍ലന്‍ഡ് ക്വിസ് മത്സരം 2015 ലെ വിജയികള്‍ സംയുക്തമായി നിര്‍വഹിക്കുന്നു.
ജൂനിയര്‍ വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരായ ലെസ്സ്‌ലിന്‍ വിനോദ്, അലന്‍ സെബാസ്റ്റ്യന്‍ സീനിയര്‍ വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരായ മെല്‍ബിന്‍ ഡേവിഡ്, കിരണ്‍ വില്‍സണ്‍ എന്നിവര്‍ സംയുക്തമായാണ് കളരിയുടെ ഉത്ഘാടനം നടത്തുക.
‘മലയാളഭാഷയുടെ ആവശ്യകതയും അറിവും പ്രവാസിമലയാളി കുട്ടികളില്‍’ എന്ന വിഷയത്തെ ആസ്പദമാക്കി സെബി സെബാസ്റ്റ്യന്‍, വര്‍ഗീസ് ജോയ് എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കുന്നതാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ് പ്രധാനമായും ഈ ക്ലാസ്സുകളില്‍ പങ്കെടുപ്പിക്കുവാന്‍ ഉദേശിക്കുന്നത്. മലയാളഭാഷ പഠനത്തോടൊപ്പം ബാലസാഹിത്യകൃതികളും അവയുടെ എഴുത്തുകാരെയും പരിചയപ്പെടുത്തിക്കൊണ്ടുള്ള പഠനമാണ് ലക്ഷ്യമിടുന്നത്.
സാഹിത്യ അഭിരുചിയുള്ള കുട്ടികള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും കളരിയില്‍ നിന്നും ലഭിക്കുന്നതാണ്. മലയാളഭാഷയുടെ മൂല്യവും സംസ്‌കാരവും പുതു തലമുറയിലേക്ക് പകര്‍ന്നു നല്‍കുവാനാണ് ഭാഷാപഠനക്ലാസ്സിലൂടെ മലയാളം സാംസ്‌കാരിക സംഘടന ശ്രമിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
വി. ഡി. രാജന്‍ 0870573885
ഷാജു ജോസ് 0876460316
പ്രിന്‍സ് ജോസ് 0871202784