ന്യൂഡല്‍ഹി: ലളിത് മോദി വിവാദത്തില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി പുതിയ ട്വീറ്റ്. ലളിത് മോദി തന്നെയാണ് ബിജെപിക്ക് തുറുപ്പു ചീട്ടായേക്കാവുന്ന ട്വീറ്റ് പുറത്ത് വിട്ടത്. ലണ്ടനില്‍ വച്ച് താന്‍ പ്രിയങ്ക ഗാന്ധിയെയും ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയെയും കണ്ടുവെന്ന് മോദിയുടെ ട്വീറ്റ് പറയുന്നു. യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴാണ് മോദി പ്രിയങ്കയെയും ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയെയും കണ്ടത്.
വെളളിയാഴ്ച രാവിലെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇരുവരെയും ഒരുമിച്ചല്ല കണ്ടതെന്നും മോദി തന്റെ ട്വീറ്റില്‍ വ്യക്തമാക്കുന്നുണ്ട്.പുതിയ വെളിപ്പെടുത്തല്‍ സുഷമ സ്വരാജിന്റെയും വസുന്ധര രാജെയുടെയും രാജി ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തുന്ന കോണ്‍ഗ്രസിനു തിരിച്ചടിയാവാനും സാധ്യതയുണ്ട്.
വസുന്ധര രാജെ ഉപാധികളോടെ രാജിസന്നദ്ധത അറിയിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ലളിത് മോദി വിഷയത്തില്‍ ആരോപണവിധേയരായവരെല്ലാം പുറത്തുപോകണമെന്ന നിലപാടാണ് രാജസ്ഥാന്‍ മുഖ്യമന്ത്രിയുടേത്.