ഐറിഷ് മലയാളികള്‍ക്കിടയില്‍ നിന്ന് ആദ്യ ഡീക്കനായി ഡോ.എം ജി ലാസറസ്…തിരുപ്പട്ട ശുശ്രൂഷകള്‍ ഇന്ന്

ഡബ്ലിന്‍: വിശ്വാസത്തിന്റെ വഴികളില്‍ ഐറിഷ് മലയാളികള്‍ക്ക് അഭിമാന ദിവസമാവുകയാണ് ഞായറാഴ്ച്ച. ക്ലോണ്‍മല്‍ സെന്റ് ഒലിവേഴസ് ദേവാലയത്തില്‍ വെച്ച് തിരുവനന്തപുരം സ്വേദേശിയായ ഡോ.എം ജി ലാസറസ് എന്ന നാല്‍പ്പത്തിയെട്ടുകാരന്‍ തിരുപ്പട്ടം സ്വീകരിക്കുകയാണ്. ഐറിഷ് മലയാളികള്‍ക്കിടയില്‍ നിന്ന് ആദ്യത്തെ ഡീക്കന്‍. അതായത് കുടുംബസ്ഥനായശേഷം തിരുപട്ടം സ്വീകരിക്കുകയെന്ന അപൂര്‍വ നേട്ടത്തിന് ഉടമയാകുന്ന ആദ്യ ഐറിഷ് മലയാളി. നാല് വര്‍ഷത്തെ സുദീര്‍ഘമായ ദൈവശാസ്ത്ര പഠനത്തിന് ശേഷമാണ് ഇദ്ദേഹം ഡീക്കനാകുന്നത്. നിലവില്‍ അയര്‍ലന്‍ഡില്‍ വൈദികവൃത്തിക്ക് പുതുതലമുറ കടന്ന് വരാത്തത് വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്.തിരുപട്ടം സ്വീകരിക്കുന്നതോടെ വാട്ടര്‍ഫോര്‍ഡ് ലിസ്‌മോര്‍ രൂപതയിലെ ആദ്യത്തെ ഡീക്കനായി ഇതോടെ ഡോ. ലാസറസ് മാറും.

ഉച്ചയ്ക്ക് 12 മണിയ്ക്ക് ക്ലോണ്‍മല്‍ സെന്റ് ഒലിവേഴസ് ദേവാലയത്തില്‍ വെച്ചാണ് ചടങ്ങുകള്‍. വാട്ടര്‍ഫോര്‍ഡ് ലിസ്‌മോര്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ് അല്‍ഫോന്‍സാസ് കുള്ളിനാന്റെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍. രാജ്യത്ത് പൊതുവെ വൈദികരെ ലഭ്യമല്ലാത്ത അവസ്ഥയുണ്ട്. വാട്ടര്‍ഫോര്‍ഡ് രൂപതയില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ വെറും 3 പേരാണ് പൗരോഹിത്യം സ്വീകരിച്ചത്. അന്ത്യകര്‍മ്മങ്ങളടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിട്ടപ്പോഴാണ് ഡീക്കന്മാരെ തിരഞ്ഞെടുക്കാന്‍ അധികൃതര്‍ തീരുമാനിക്കുന്നത്. അപേക്ഷ സമര്‍പ്പിച്ചവരില്‍ രണ്ടു പെരെ മാത്രമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ പൂവാര്‍ സ്വദേശിയാണ് എം ജി ലാസറസ്. വാര്‍ഡ് മെമ്പറായിരുന്ന ജോര്‍ജ് ലാസറസിന്റെ പത്ത് മക്കളില്‍ ഇളയവന്‍. മാനേജ്‌മെന്റില്‍ എം ബി എയും,ഫിലോസഫിയില്‍ എം എ യും,എം എസ് ഡബ്ല്യൂവും സ്വന്തമാക്കിയിട്ടുണ്ട്. തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജ് ലക്ച്ചര്‍ ,തിരുവനന്തപുരം നെയ്യാറ്റിന്‍കര രൂപതകളിലെ വൈദീക വിദ്യാര്‍ത്ഥികളുടെ അദ്ധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ പ്രശസ്തമായ് ലയോളാ ജസ്യൂട്ട് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അസിസ്റ്റന്റ്‌റ് ഡയറക്ടറായും സേവനം അനുഷ്ഠിച്ചു. തുടര്‍ന്ന് കുടുംബത്തോടൊപ്പം കഴിയുന്നതിനായി അയര്‍ലന്‍ഡിലെത്തി. അയര്‍ലന്‍ഡില്‍ ടിപ്പററിയിലെ ക്ലോണ്‍മലില്‍ സീനിയര്‍ മെന്റല്‍ ഹെല്‍ത്ത് സോഷ്യല്‍ വര്‍ക്കറായി നിയമനവും ലഭിച്ചു

കാത്തോലക് സഭയുടെ അധികാര ശ്രേണിയില്‍ പോപാണ് ഏറ്റവും മുകളില്‍. തുടര്‍ന്ന് കര്‍ദിനാള്‍, ബിഷപ്പ്, വൈദികര്‍, ഡീക്കന്‍സ് എന്നിങ്ങനെയാണ് സ്ഥാനക്രമം. രണ്ട് തരം ഡീക്കന്മാരാണ് ഉള്ളത്. പെര്‍മനന്റ് ഡീക്കന്മാരാണ് ഇതിലൊന്ന്. വൈദികരാകണമെന്ന് ആഗ്രമൊന്നും ഇല്ലത്തവരെയാണ് ഈ പദവിയില്‍ നിയമിക്കുന്നത്. ഇവര്‍ വിവാഹം കഴിച്ചവരോ അല്ലാത്തവരോ ആയ പുരുഷന്മാരായിരിക്കും. ഡീക്കനായി ചുമതലയേല്‍ക്കും മുമ്പ് വിവാഹം കഴിച്ചവരോ, ഭാര്യയുടെ മരണം സംഭവിച്ചവരോ ആയിരിക്കാം ഇവര്‍. വിവാഹം കഴിച്ച പെര്‍മനന്റ് ഡീക്കന്മാര്‍ക്ക് കുടുംബത്തെ സംരക്ഷിക്കുന്നതിന് തൊഴില്‍ ഉണ്ടാകണം. പാസ്റ്റര്‍മാരെ രോഗികളെ കാണുന്നതിന് സഹായിക്കുക, വിശ്വാസം പഠിപ്പിക്കുക, ദമ്പതികളടക്കമുള്ളവരെ കൗണ്‍സില്‍ ചെയ്യുക, പാരിഷ് കമ്മിറ്റികളിലും കൗണ്‍സിലുകളിലും പ്രവര്‍ത്തിക്കുക, പാസ്റ്റര്‍മാര്‍ക്ക് ഉപദേശങ്ങള്‍ നല്‍കുക തുടങ്ങിയ ചുമതലകളുണ്ട്.

ട്രാന്‍സീഷണല്‍ ഡീക്കന്മാര്‍ വൈദിക വിദ്യാര്‍ത്ഥികളാണ്. വൈദിക പഠനത്തിന്റെ അവസാന ഘട്ടത്തില്‍ ഉള്ളവരാണിവര്‍. ഒരു വര്‍ഷം ഡീക്കനായി സേവനം അനുഷ്ഠിച്ചശേഷം ഇവര്‍ വൈദികപട്ടം സ്വീകരിക്കും. ഡീക്കന്മരാകുന്നവര്‍ക്ക് ജ്ഞാനസ്‌നാനം നടത്തുക, വിവാഹത്തിന് ആശീര്‍വദിക്കുക, അന്ത്യകര്‍മ്മങ്ങള്‍,വെഞ്ചിരിപ്പ് തുടങ്ങിയ ചുമതലകള്‍ നിര്‍വഹിക്കാനാകും. കുമ്പസാരം കേള്‍ക്കുന്നതും വിശുദ്ധകൂര്‍ബാനയ്ക്ക് പരികര്‍മ്മം ചെയ്യുന്നതും വിലക്കിയിട്ടണ്ട്.  വിശുദ്ധകുര്‍ബാനയ്ക്ക് സഹകാര്‍മ്മികരാകാവുന്നതാണ്.

Share this news

Leave a Reply

%d bloggers like this: