ഇടുക്കി: കനത്തമഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ ഇന്നലെ രണ്ടിടത്ത് ഉരുള്‍പ്പൊട്ടി. കട്ടപ്പന പശുപാറയിലും രാജാക്കാടുമാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. ആളപായമില്ല. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.
രാജാക്കാട് മുട്ടുകാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒന്നര ഏക്കറോളം കൃഷി ഭൂമി ഒലിച്ച് പോയി. വെള്ളിയാഴ്ച്ച രാത്രി ഒമ്പത് മണിയോടെയാണ് ഉഗ്ര ശബ്ദത്തോടെ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഒരാഴ്ചയായി പെയ്യുന്ന മഴയേത്തുടര്‍ന്ന് ഈ പ്രദേശത്താകെ ഉറവകളും രൂപപ്പെട്ടിരുന്നു. ഉരുള്‍പ്പൊട്ടലില്‍ ഒഴുകിയെത്തിയ വെള്ളവും, കല്ലുകളും സമീപത്തായിട്ടുണ്ടായിരുന്ന തോട്ടിലൂടെ ഒഴുകി പോയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഉരുള്‍പൊട്ടി കടന്ന് പോയ ഒന്നരയേക്കര്‍ സ്ഥലത്തെ ഏലം, കുരുമുളക് തുടങ്ങിയ കൃഷികള്‍ പൂര്‍ണ്ണമായും നശിച്ചു. റവന്യൂ, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സന്ദര്‍ശിച്ചു.
പശുപ്പാറ പമ്പ് ഹൗസ് റോഡിന് സമീപം ഇന്നലെയുണ്ടായ ഉരുള്‍ പൊട്ടലില്‍ ഒരേക്കറിലധികം മണ്ണ് ഒലിച്ചുപോയി. പശുപ്പാറ കുടിവെള്ള പദ്ധതിക്ക് സമീപമാണ് മണ്ണ് ഒലിച്ച് പോയത്. ഉരുള്‍പൊട്ടലില്‍ കുടിവെള്ള പദ്ധതിയുടെ ജലവിതരണ പൈപ്പുകളെല്ലാം നശിച്ചു. പ്രദേശത്തെ ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ഏക കുടിവെള്ള പദ്ധതി ആയിരുന്നു ഇത്. ഉരുള്‍പൊട്ടിയ സമയം പമ്പ് ഹൗസിന്റ സമീപത്ത് കൂടി ഒരമ്മയും കുഞ്ഞും നടന്ന് പോകുന്നുണ്ടായിരുന്നു. ശബ്ദം കേട്ട് ഇവര്‍ ഓടി മാറി.
പശുപ്പാറ പമ്പുഹൗസ് റോഡിന് സമീപത്തുനിന്നാണ് ഉരുള്‍ പൊട്ടലുണ്ടായത്. റോഡ് തകര്‍ന്ന അവസ്ഥയിലുമാണ്. കോണ്‍ക്രീറ്റ് റോഡിന്റ അടിഭാത്തുനിന്നും മണ്ണിളകിമാറിയത് സമീപത്തെ വീടിനും റോഡിനും ഒരുപോലെ ഭീഷണിയായിരിക്കുകയാണ്. ഉരുള്പെട്ടിയ ഭാഗത്തിലൂടെ വെള്ളം ഒഴുകുന്നത് മൂലം റോഡ് അപകടാവസ്ഥയിലാണ്.