തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ തനിക്കുമേല്‍ പോലും സമ്മര്‍ദ്ദമുണ്ടായിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഫേസ്ബുക്കില്‍ നടത്തിയ പോസ്റ്റിനെ ന്യായീകരിക്കുന്ന രീതിയിലാണ് ചെന്നിത്തലയുടെ സഭയിലെ പരാമര്‍ശവും. യുഡിഎഫില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായി. എന്നാല്‍ താനും സര്‍ക്കാരും സമ്മര്‍ദ്ദത്തിന് വഴങ്ങിയില്ല എന്നും ചെന്നിത്തല അടിയന്തരപ്രമേയത്തിനുളള മറുപടിയില്‍ പറഞ്ഞു.
തുടര്‍ന്ന്, സമ്മര്‍ദ്ദമുണ്ടായത് ആരുടെ ഭാഗത്തു നിന്നാണ് എന്ന് മന്ത്രി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളംവച്ചു. എന്നാല്‍, കേസു തന്നെ ഒരു സമ്മര്‍ദ്ദമാണെന്ന മറുപടിയിലൂടെ ചെന്നിത്തല ഒഴിഞ്ഞുമാറി. ബാര്‍ ഉടമകളുടെ അഭിഭാഷകനായ നാഗേശ്വര റാവുവില്‍ നിന്ന് വിജിലന്‍സ് നിയമോപദേശം തേടിയെന്നും ചെന്നിത്തല പറഞ്ഞു.
നിയമസഭയുടെ ബജറ്റ് സമ്മേളനം പുനരാരംഭിച്ചത് ഇന്നായിരുന്നു. തുടക്കത്തില്‍ തന്നെ മാണി രാജിവയ്ക്കണം എന്ന പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം ബഹളംവച്ചു. ബാര്‍ക്കേസിലെ കുറ്റപത്രം സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നും പ്രതിപക്ഷം ആരോപണമുന്നയിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാമെന്ന ഉറപ്പു ലഭിച്ചതോടെയാണ് പ്രതിപക്ഷ ബഞ്ച് കുറച്ചെങ്കിലും ശാന്തമായത്.
എന്നാല്‍, ബാര്‍കോഴക്കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത് എന്നും സ്പീക്കര്‍ നല്‍കിയ മറുപടി സഭയെ വീണ്ടും പ്രക്ഷുബ്ധമാക്കി. വിജിലന്‍സ് റിപ്പോര്‍ട്ടിലെ വസ്തുതകള്‍ സ്പീക്കര്‍ എങ്ങനെ മനസ്സിലാക്കി എന്നും വിജിലന്‍സ് ഡയറക്ടര്‍ ഇക്കാര്യം അറിയിച്ചെങ്കില്‍ രേഖകള്‍ മേശപ്പുറത്തു വയ്ക്കണം. കോഴക്കേസില്‍ സ്പീക്കറല്ല മറുപടി പറയേണ്ടതെന്നും സിപിഎം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.