യുഎച്ച്ഐ ചെലവ് മുന്‍കരുതിയതിലും കൂടും…പദ്ധതി നടത്തിപ്പ് സംശയത്തിന്‍റെ നിഴലിലേക്ക്

ഡബ്ലിന്‍: യൂണിവേഴ്സല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ വീണ്ടും ചോദ്യങ്ങള്‍ ഉയരാന്‍ സാധ്യത. സാമ്പത്തികമായി പദ്ധതി ബാധ്യതയാകുമെന്ന വിമര്‍ശനങ്ങള്‍ക്കിയില്‍ പുതിയ റിപ്പോര്‍ട്ട് കൂടി പുറത്ത് വരികയാണ്.  പദ്ധതി  മുതിര്‍ന്ന ഒരാള്‍ക്ക് സ്റ്റാന്‍ഡ് പ്ലാനിന് രണ്ടായിരം മുതല്‍ മൂവായിരം യൂറോ വരെ ചെലവ് വരുത്തിവെയ്ക്കുമെന്ന് റിപ്പോര്‍ട്ട്.

സര്‍ക്കാരിന് രഹസ്യമായി നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിലാണിക്കാര്യം വ്യക്തമാക്കുന്നത്. നേരത്തെ കണക്ക് കൂട്ടിയതിലും വളരെ അധികമാണ് ഈ തുക. വാര്‍ഷികമായി പദ്ധതിക്ക് €3,000- €4,000 വരെ ചെലവ് വന്നേക്കാമെന്നും വ്യക്തമാക്കുന്നു.  സര്‍ക്കാര്‍ സബ്സിഡികള്‍ നല്‍കുന്നതിനുള്ള തുക കൂട്ടാതെയുള്ള ചെലവാണിത്.  നിലവില്‍ പദ്ധതിയുടെ കീഴില്‍ വരുന്ന സേവനങ്ങള്‍ കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യമന്ത്രി ലിയോ വരേദ്ക്കര്‍.

പ്രൈമറി കെയറും മരുന്ന് ചെലവും കൂടി യുഎച്ച്ഐയ്ക്ക് കീഴില്‍ നിന്ന് മാറ്റുന്നതിന് വരേദ്ക്കര്‍ സാധ്യതതേടുന്നുണ്ട്. ആരോഗ്യ രംഗത്തെ പരിഷ്കരിക്കുന്നതിന് സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്ന പ്രധാന പദ്ധതികളിലൊന്നാണ് യുഎച്ച്ഐ.  നിലവില്‍ നിലനില്‍ക്കുന്ന ദ്വിതല സംവിധാനം മാറി എല്ലാവരെയും സ്വകാര്യ രോഗികളെന്ന നിലയില്‍ കണ്ട് ഏക സംവിധാനം ആകും ആരോഗ്യരംഗത്ത് ഇത് കൊണ്ട് വരിക. പദ്ധതി തയ്യാറാക്കിയത് മുന്‍ആരോഗ്യമന്ത്രി ഡോ. ജെയിംസ് റെയ്ലിയാണ്.

ഭൂരിഭാഗം ജനങ്ങളുടെയും യുഎച്ച്ഐ ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കേണ്ടി വരുമായിരുന്നു. 2019 ല്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ വരേദ്ക്കര്‍ മന്ത്രി ആയതോടെ പദ്ധതി വൈകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പബ്ലിക്ക് എക്സ്പെന്‍ഡീച്ചര്‍ വകുപ്പിന് പദ്ധതിയോട് കടുത്ത വിയോജിപ്പുണ്ട്. അഞ്ച് ബില്യണ്‍ യൂറോയെങ്കിലും സര്‍ക്കാരിന് ചെലവ് വരുത്തിവെയ്ക്കും പദ്ധതിയെന്ന് ഇവര്‍ കണക്കാക്കുന്നു. ഒരു സ്റ്റാന്‍ഡേര്‍ഡ് യുഎച്ച്ഐ പാക്കേജിന് വര്‍ഷം €1,600  വരുമെന്ന് എക്സ്പെന്‍ഡീച്ചര്‍ വകുപ്പ് വ്യക്തമാക്കുന്നു.  ഡോ. റെയ്ലി ഈ വാദം തള്ളി €900 ചെലവ് വരൂ എന്നാണ് അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ  വിലയിരുത്തിലില്‍ വളരെ കൂടുതലായിരിക്കും ചെലവെന്നും പറയുന്നു.

ഉപ പ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടനും പദ്ധതിയുടെ നടത്തിപ്പ് ചോദ്യം ചെയ്യുന്നുണ്ട്. ചെലവാക്കുന്ന പണത്തിനുള്ള മൂല്യമുള്ളതാകണം പദ്ധതിയെന്നും വ്യക്തമാക്കുന്നു. അതേ സമയം പദ്ധതി നടപ്പാക്കണമെന്ന ആഗ്രമാണ് പ്രധാനമന്ത്രി എന്‍ഡ കെന്നിക്കുള്ളത്. റെയ് ലിയുടെ വാദപ്രകാരം ആകെ ചെലവ് നിലവില്‍ ആരോഗ്യ രംഗത്ത് സര്‍ക്കാര്‍ ചെലവഴിക്കുന്നതിനുള്ളില്‍ തന്നെ നില്‍ക്കുമെന്നാണ്.

Share this news

Leave a Reply

%d bloggers like this: