തിരുവനന്തപുരം: അരുവിക്കര തെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണു വിജയത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
അരുവിക്കരയില്‍ യുഡിഎഫിന്റെ മുഴുവന്‍ നേതാക്കളും ഒന്നിച്ച് അണിനിരന്നു. യോജിച്ച പ്രവര്‍ത്തനത്തിനു കിട്ടിയ അംഗീകാരമാണിത്. എണ്ണയിട്ട യന്ത്രംപോലെ യുഡിഎഫ് നേതാക്കള്‍ പ്രവര്‍ത്തിച്ചു. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മെഷീനറിയും ശക്തമായി പ്രവര്‍ത്തിച്ചു.
തെരഞ്ഞെടുപ്പു ഫലം സര്‍ക്കാറിന്റെ വിലയിരുത്തലായിരിക്കുമെന്നു പറഞ്ഞിരുന്നു. ചെറിയ ഭൂരിപക്ഷത്തിനാണ് ഈ സര്‍ക്കാര്‍ ഭരണം തുടങ്ങിയതെങ്കിലും അതു ഭരണത്തെ ബാധിക്കാതെതന്നെയാണു മുന്നോട്ടുപോയത്. ജനങ്ങളുടെ പ്രതീക്ഷയ്ക്കും ആഗ്രഹത്തിനുമൊത്തു നിരവധി പരിപാടികള്‍ ഏറ്റെടുത്തു മുന്നോട്ടുപോയി. ഒരു മന്ത്രിയെപ്പോലും തള്ളിപ്പറയേണ്ട സാഹചര്യം മുഖ്യമന്ത്രിക്കുണ്ടായില്ല. എല്ലാം ആലോചിച്ചും ചര്‍ച്ചചെയ്തും മുന്നോട്ടുനീങ്ങി.
നിരവധി ആക്ഷേപങ്ങളും ആരോപണങ്ങളും വിവാദങ്ങളുമൊക്കെ പ്രതിപക്ഷത്തുനിന്ന് ഉന്നയിച്ച്. ഒരു ശതമാനം ശരിയുണ്ടെങ്കില്‍ അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നു വിശ്വസിക്കുന്നയാളാണു താന്‍.
ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷമുണ്ടായ എല്ലാ തെരഞ്ഞെടുപ്പിലും വിജയിച്ചു. പിറവം, നെയ്യാറ്റിന്‍കര ഇപ്പോള്‍ അരുവിക്കരയിലും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുപോലും കിട്ടില്ലെന്നാണ് എല്‍ഡിഎഫ് പറഞ്ഞത്. എന്നാല്‍ 12 സീറ്റിലും ജയിച്ചു.
തെരഞ്ഞെടുപ്പ് വിജയം സംബന്ധിച്ച് കോടിയേരിയുടെ പ്രതികരണം നിര്‍ഭാഗ്യകരവും വേദനാജനകവുമാണ്. പണവും മദ്യവുമൊഴുക്കിയാണോ യുഡിഎഫ് തെരഞ്ഞെടുപ്പുകളില്‍ ജയിച്ചത്. ജനം കാണുകയല്ലേ ഇത്. മദ്യത്തിനെതിരായ വിധിയെഴുത്താണ് അരുവിക്കരയില്‍ ജനം നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.